തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ ഗുരുതരമായ കുറ്റംചെയ്തതായി തെളിവുസഹിതം കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടും കുറ്റക്കാരെ രക്ഷിക്കാനുള്ള ഒത്തുകളിയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കമ്മീഷന്റെ കണ്ടെത്തലുകളില്‍ വെള്ളം ചേര്‍ത്ത് അന്വേഷണം നടത്താനുള്ള തീരുമാനം സിപിഎമ്മും കോണ്‍ഗ്രസ്സുമായുള്ള ധാരണയുടെ ഭാഗമാണെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ടി.പി. വധക്കേസിന്റെ കാലംമുതല്‍ സോളാര്‍കേസ് മുന്നില്‍ വച്ച് സിപിഎം കോണ്‍ഗ്രസ്സുമായി ഒത്തുകളി നടത്തുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍കേസില്‍ സിപിഎം നടത്തിയ സമരം പെട്ടെന്ന് പിന്‍വലിച്ചത് ഇതിന്റെ ഭാഗമാണ്. ടിപി കേസില്‍ നിന്ന് സിപിഎം നേതാക്കളെ രക്ഷിക്കാനും ഗൂഢാലോചനയുടെ അന്വേഷണം അട്ടിമറിക്കാനും സഹായിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരായിരുന്നു. ഇപ്പോള്‍ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിക്കെതിരായ നീക്കങ്ങള്‍ ഉപേക്ഷിക്കാമെന്ന ഉറപ്പാണ് കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിനു നല്‍കിയിരിക്കുന്നത്.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ലൈംഗികാരോപണത്തിലും അഴിമതിയിലും തെളിവുണ്ടായിരിക്കെ ലൈംഗികാരോപണം ഒഴിവാക്കി പൊതുഅന്വേഷണം പ്രഖ്യാപിച്ചത് ഒത്തുതീര്‍പ്പിന്റെ ഭാഗമായാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടില്ലെന്ന ഉറപ്പ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് മുഖ്യമന്ത്രി പിണറായിക്ക് ലഭിച്ചിട്ടുണ്ട്. മന്ത്രിമാരായിരുന്ന ജയരാജനും ശശീന്ദ്രനുമെതിരെ ആരോപണമുയര്‍ന്നപ്പോള്‍ അവരുടെ രാജി സാധ്യമാക്കിയ പിണറായി, തോമസ്ചാണ്ടിയുടെ കാര്യത്തില്‍ ആ നിലപാട് സ്വീകരിക്കാത്തത് കോണ്‍ഗ്രസ് നല്‍കിയ ഉറപ്പിന്റെ ഭാഗമായാണ്.
സിപിഎമ്മും കോണ്‍ഗ്രസ്സുമായി നടത്തിവരുന്ന ഒത്തുതീര്‍പ്പുകളെ കുറിച്ച് കോണ്‍ഗ്രസ്സിലെ യുവനേതാവ് തന്നെ തുറന്നു പറഞ്ഞിരുന്നു. സോളാര്‍ കേസില്‍ സിപിഎമ്മുമായി നടത്തിയ ഒത്തുതീര്‍പ്പിനെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കളായ വി.ടി.ബല്‍റാമിന്റെയും വി.ഡി.സതീശന്റെയും അഭിപ്രായമറിയാന്‍ താല്പര്യമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
