തിരുവനന്തപുരം: മെട്രോയിലെ വിവാദയാത്രാവിഷയത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുമ്മനത്തിന് മെട്രോയിൽ കയറാൻ അനുമതി ഇല്ലായിരുന്നെന്ന് മന്ത്രി ആവർത്തിച്ചു. വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള വൻപട്ടികയിൽ മാത്രമാണ് കുമ്മനത്തിന്‍റെ പേരുണ്ടായിരുന്നതെന്ന് കടകംപള്ളി സുരന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി കുമ്മനത്തിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കൊച്ചി മെട്രോ നാട മുറിക്കൽ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയിൽ ഇല്ലാത്ത ഒരാൾ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ച്ചയാണെന്നും എസ്‍പിജി അത് പരിശോധിക്കണമെന്നുമായിരുന്നു മന്ത്രിയുടെ പോസ്റ്റ്. സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോ മാൻ ഇ ശ്രീധരനെയുമടക്കം വേദിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂർണമായും ഔദ്യോഗികമായ പരിപാടിയിൽ ഇടിച്ചു കയറാൻ അനുവദിച്ചതെന്നും കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു.