സനല്‍ കുമാറിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന കേസില്‍ പ്രതിയായ ഡിവൈഎസ്പിയെ സംഭവം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും പൊലീസിന് പിടികൂടാനായില്ല. 

തിരുവനന്തപുരം: സനല്‍ കുമാര്‍ വധകേസില്‍ പ്രതിയായ ഡിവൈഎസ്പിയെ ഉടൻ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എത്ര ഉന്നതനായാലും കൊലയാളി കൊലയാളി തന്നെ. ഒരു ദിവസം വൈകിയാണെങ്കിലും ഡിവൈഎസ്പിയെ പിടികൂടുമെന്നും മന്ത്രി പറഞ്ഞു. സനല്‍ കുമാറിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന കേസില്‍ പ്രതിയായ ഡിവൈഎസ്പിയെ സംഭവം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും പൊലീസിന് പിടികൂടാനായിട്ടില്ല. 

കേസ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സനല്‍ കുമാറിന്‍റെ കുടുംബം കോടതിയെ സമീപിക്കാന്‍ ഇരിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കുടുംബത്തിന് അവകാശമുണ്ടെന്നായിരുന്നു ഇതിനോട് കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം.

എന്നാല്‍ ഡിവൈഎസ്പിയെ പിടികൂടാന്‍ കഴിയാത്തതില്‍ സിപിഎമ്മിനെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ഒളിവില്‍ കഴിയുന്ന ഡിവൈഎസ്പിയെ സംരക്ഷിക്കുന്നത് സിപിഎം ജില്ലാ നേതൃത്വമാണെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.