തിരുവനന്തപുരം: വനിതാ മതിലുമായി ബന്ധപ്പെട്ട് പാലക്കാട് നടന്ന സംഭവത്തിന് പിന്നിൽ ഗൂഢാലോചനയാണെന്ന വാദവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നി‍ർബന്ധിച്ച് പണം വാങ്ങിച്ചെന്ന് പറയാൻ ഒരു പ്രദേശിക കോൺഗ്രസ് നേതാവ് സ്ത്രീകളെ നിർബന്ധിച്ചെന്ന് സിപിഎം ഇന്നലെ ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കടകംപള്ളിയുടെ ആരോപണം.

നിർബന്ധിത പിരിവും ഭീഷണിയും പാലക്കാട് മാത്രമല്ല, വ്യാപകമായി നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. മന്ത്രി ജി സുധാകരനും ആരോപണം നിഷേധിച്ചു. മതിലിന്‍റെ പേരിൽ ഒരു കുടുംബശ്രീ  പ്രവർത്തകയ്ക്കും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടില്ലെന്ന് തോമസ് ഐസക്കും പ്രതികരിച്ചു.

ഒറ്റപ്പെട്ട സംഭവങ്ങളെന്ന പേരിൽ പ്രശ്നത്തെ ചെറുതാക്കേണ്ടെന്നും ഭീഷണിയും പിരവും വ്യാപകമാണെന്നും പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല പറഞ്ഞു. 

അതേസമയം, വനിത മതിലിനെ ചൊല്ലി ബിഡിജെഎസിൽ ഭിന്നത. തുഷാർ വെള്ളാപ്പള്ളിയുടെ അഭിപ്രായം ബിഡിജെഎസിൽ  ആലോചിക്കാതെയാണെന്ന് വൈസ് പ്രസിഡന്‍റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. തുഷാറിന്‍റെ അഭിപ്രായം എസ്എന്‍ഡിപിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.