ഭക്തിയുടെ തേരോട്ടത്തില്‍ കല്‍പ്പാത്തി. വൃശ്ചികസന്ധ്യയിലെ ദേവരഥസംഗമ മുഹൂർത്തത്തിനു സാക്ഷ്യം വഹിച്ചത് ആയിരങ്ങള്‍.

ദേവരഥസംഗമം. ആ ഒരു കാഴ്‍ചയ്‍ക്കായാണ് ലോകത്തിന്റെ ഏത് കോണില്‍ ആയാലും കല്‍പ്പാത്തിക്കാര്‍ തിരികെ വന്നിറങ്ങുന്നത്. തേരുകളുടെ പ്രദക്ഷിണത്തിനിടെ തിങ്ങിനിറഞ്ഞ പുരുഷാരം. ആർപ്പുവിളികളും മന്ത്രജപങ്ങളും മാത്രം മുഴങ്ങി നിന്ന അന്തരീക്ഷം. വിശാലാക്ഷി സമേത വിശ്വനാഥനും ഉപദൈവങ്ങളും ആറ് തേരുകളിലായാണ് പ്രദക്ഷിണം വയ്‍ക്കുന്നത്.

വൈകുന്നേരം 4.30 ഓടെയാണ് ദേവരഥ പ്രയാണം തുടങ്ങിയത്. പ്രദക്ഷിണത്തിനിടെ രഥങ്ങൾ തേരമുട്ടിയിൽ സംഗമിക്കുന്നതാണ് ദേവരഥസംഗമം.

തിരക്കേറിയതിനാല്‍ ആറ് തേരില്‍ നാല് എണ്ണം മാത്രമാണ് ഇക്കുറി സംഗമ സ്ഥാനത്ത് എത്താനായത്.

പത്തുനാൾ നീളുന്ന കല്‍പ്പാത്തി ഉൽസവത്തിനു വെളളിയാഴ്ചയാണ് കൊടിയിറങ്ങുക.