കൃഷ്ണനില്‍ നിന്ന് മൂന്ന് വര്‍ഷമായി അനീഷ് പൂജകളും മന്ത്രവാദവും പഠിച്ചിരുന്നു. ഇതിനിടെ മറ്റൊരാളില്‍ നിന്നും അനീഷ് മന്ത്രവാദം അഭ്യസിച്ചു. എന്നാല്‍ താന്‍ നടത്തുന്ന പൂജകള്‍ ഫലസിദ്ധിയില്ലാതെ പോകുന്നതായി അനീഷ് കരുതി. 

ഇടുക്കി: കമ്പകക്കാനം കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇന്ന് ജില്ലാ പൊലീസ് മേധാവി വെളിപ്പെടുത്തിയിരിക്കുന്നത്. മുഖ്യപ്രതി അനീഷ് സാമ്പത്തിക തട്ടിപ്പ് ശൃംഖലയിലെ കണ്ണിയാണെന്നും കൃഷ്ണനുമൊപ്പം മന്ത്രവാദത്തിനായി അനീഷ് തമിഴ്നാട്ടിലും കർണാടകയിലും പോയിരുന്നതായും പൊലീസ് കണ്ടെത്തി. ആറു മാസമായി നടന്ന ആസുത്രണത്തിന്‍റെ ബാക്കിയാണ് കമ്പകക്കാനത്തെ കൊലപാതകം. 29ന് രാത്രിയാണ് കൊലപാതകം നടക്കുന്നത്. മുഖ്യ പ്രതി അനീഷ് കൃഷ്ണന്‍റെ ശിഷ്യനായിരുന്നു. കൃഷ്ണനൊപ്പം ചേര്‍ന്ന് പൂജകളും മന്ത്രവാദവും ചെയ്തുവരികയായിരുന്നു ഇയാള്‍. 

കൃഷ്ണനില്‍ നിന്ന് മൂന്ന് വര്‍ഷമായി അനീഷ് പൂജകളും മന്ത്രവാദവും പഠിച്ചിരുന്നു. ഇതിനിടെ മറ്റൊരാളില്‍ നിന്നും അനീഷ് മന്ത്രവാദം അഭ്യസിച്ചു. എന്നാല്‍ താന്‍ നടത്തുന്ന പൂജകള്‍ ഫലസിദ്ധിയില്ലാതെ പോകുന്നതായി അനീഷ് കരുതി. ഇതിന് കാരണം തന്‍റെ സിദ്ധി കൃഷ്ണന്‍ കവര്‍ന്നെടുത്തതാണെന്നുമായിരുന്നു അനീഷ് കരുതിയിരുന്നത്. മുന്നൂറ് മൂര്‍ത്തികളുടെ സിദ്ധിയുള്ള കൃഷ്ണനെ ഇല്ലാതാക്കിയാല്‍ തന്നില്‍ നിന്ന് കവര്‍ന്ന ശക്തിയും കൃഷ്ണന്‍റെ ശക്തിയും തനിക്ക് ലഭിക്കുമെന്ന് അനീഷ് കണക്കുകൂട്ടി. അങ്ങനെ സിദ്ധി പിടിച്ചെടുക്കാനും തന്‍റെ നഷ്ടപ്പെട്ട സിദ്ധി തിരിച്ചെടുക്കാനും അനീഷ് തീരുമാനിച്ചു.

അനീഷിനൊപ്പമുള്ള കൂട്ടുപ്രതി കാരിക്കോട് സ്വദേശി ലിബീഷുമായി സംഭവം പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ ലിബീഷ് തയ്യാറാകാതിരുന്നതോടെ കൊലപാതകം നീണ്ടു പോവുകയായിരുന്നു. ഒരു ബോര്‍വെല്‍ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് അനീഷും ലിബീഷും തമ്മില്‍ പരിചയപ്പെടുന്നത്. ആറു മാസം തുടര്‍ച്ചയായി പ്രലോഭിപ്പിച്ച് അനീഷ് ലിബീഷിനെ കൊലപാതകം നടത്താന്‍ സമ്മതിപ്പിച്ചു. കൃഷ്ണന്‍റെ വീട്ടില്‍ നിന്ന് ലഭിക്കുന്ന സ്വര്‍ണവും പണവും നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ലിബീഷിനെ അനീഷ് കൂടെക്കൂട്ടിയത്.

കൃത്യം നടന്ന 29ന് രാത്രി എട്ടരയോടെ തന്നെ ഇരുവരും തൊടുപുഴയിലെത്തിയിരുന്നു. ഒമ്പത് മണിയോട മൂലമറ്റത്ത് ചൂണ്ടയിടാന്‍ പോയി. സമയം കളയാനായിരുന്നു ഇത്. അനീഷിന്‍റെ ബൈക്കിലായിരുന്നു ഇരുവരും എത്തിയത്. വാഹനത്തില്‍ ഉപയോഗിക്കുന്ന രണ്ട് ഇരുമ്പ് ദണ്ഡുകള്‍ ലിബീഷ് കയ്യില്‍ സൂക്ഷിച്ചിരുന്നു. ഫോണുകള്‍ ലിബീഷിന്‍റെ വീട്ടില്‍ വച്ച ശേഷമായിരുന്നു എത്തിയത്. 12 മണിവരെ ചൂണ്ടയിട്ട ശേഷം തിരിച്ച് ബാറിലെത്തിയെങ്കിലും ബാര്‍ അടച്ചതിനാല്‍ മദ്യപിക്കാന്‍ സാധിച്ചില്ല. നേരത്തെ തന്നെ ഇരുവരും മദ്യപിച്ചിരുന്നു.

കൃഷ്ണന്‍റെ വീട്ടിലെത്തിയ ഉടന്‍ ഫ്യൂസ് ഊരി. ആടിനെ ഉപദ്രവിച്ചാല്‍ മാത്രമെ കൃഷ്ണന്‍ പുറത്തുവരുമെന്ന് മനസിലാക്കിയ അനീഷ് ആടിനെ ക്രൂരമായി ഉപദ്രവിച്ചു. ആടിന്‍റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ അനീഷ് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ കൃഷ്ണന്‍റെ ഭാര്യ തലയ്ക്കടിച്ചത് ലിബീഷായിരുന്നു. ആക്രമണം ചെറുത്ത മകള്‍ ആര്‍ഷ ഇരുമ്പ് ദണ്ഡുകൊണ്ട് അനീഷിന്‍റെ തലയ്ക്കടിച്ചു. പ്രതിരോധത്തിനിടെ അനീഷിന് പരിക്കേറ്റു. 

ശബ്ദമുണ്ടാക്കി അടുക്കള ഭാഗത്തേക്ക് ഓടുന്നതിനിടെ വായ പൊത്തിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അനീഷിന്‍റെ കയ്യില്‍ ആര്‍ഷ കടിച്ചു. അനീഷിന്‍റെ കയ്യിലെ നഖം ആര്‍ഷ കടിച്ചെടുത്തു. കടിച്ചതിന്‍റെ പാടും അനീഷിന്‍റെ ശരീരത്തില്‍ ഉള്ളതായി പിടിയിലായ പ്രതി ലിബീഷ് മൊഴി നല്‍കിയിട്ടുണ്ട്. ഒടുവില്‍ അടുക്കളയില്‍ വച്ച് ആര്‍ഷയെ തലയക്കടിച്ചു വീഴ്ത്തുകയായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള അര്‍ജ്ജുനേയും തലക്കടിച്ചു വീഴ്ത്തി. മരിക്കാതായപ്പോള്‍ വാക്കത്തി കൊണ്ടു വെട്ടുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം നീക്കി വീട് വൃത്തിയാക്കി മടങ്ങി.

30ന് വീണ്ടും ഇരുവരും കണ്ടുമുട്ടി മൃതദേഹം സംസ്കരിക്കാന്‍ പ്ലാന്‍ ചെയ്തു. മൃതദേഹം സംസ്കരിച്ചു കഴിഞ്ഞാല്‍ ആരും അറിയില്ലെന്നായിരുന്നു അനീഷ് ലിബീഷിനോട് പറഞ്ഞത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വീണ്ടും വീട്ടിലെത്തി. വീട്ടിലെത്തിയപ്പോള്‍ മകന്‍ അര്‍ജ്ജുന്‍ മരിച്ചിട്ടില്ലെന്ന് മനസിലായി. തുടര്‍ന്ന് അനീഷ് അവിടെ നിന്ന് ലഭിച്ച ചുറ്റിക ഉപയോഗിച്ച് അര്‍ജുന്‍റെ തലയ്ക്കടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കുഴിയെടുത്ത് മൂടിയ ശേഷം വീണ്ടും വീട് വൃത്തിയാക്കി. അടുത്ത ദിവസവും ലിബീഷിനെയും കൂട്ടി വീട് വൃത്തിയാക്കാന്‍ അനീഷ് ശ്രമിച്ചിരുന്നെങ്കിലും ലിബീഷ് വഴങ്ങാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. 

അര്‍ജുനും കൃഷ്ണനും കുഴിച്ചിടുമ്പോള്‍ മരിച്ചിട്ടില്ലായിരുന്നു. ഇരുവരുടെയും മൂക്കിലും ശ്വാസകോശത്തിലും മണ്ണ് ഉണ്ടായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. കേസില്‍ പിടിക്കപ്പെടാതിരിക്കാന്‍ അനീഷ് കോഴിത്തല വെട്ടുന്നടക്കമുള്ള കര്‍മങ്ങള്‍ നട്ടത്തിയതായും പൊലീസിന് വ്യക്തമായിട്ടുണ്ട്. മുഖ്യ ശിഷ്യനായ അനീഷ് കൃഷ്ണനും കുടുംബവും മരിച്ചിട്ട് വീട്ടിലെത്താത്തതാണ് കേസ് തെളിയിക്കാന്‍ പൊലീസിന് നിര്‍ണായകമായത്.