പണം കൂടുതൽ നഷ്ടപ്പെട്ടത് മലയാളികള്‍ക്കാണ്. ആണ്ടിപ്പെട്ടിയിലേക്ക് കൃഷ്ണനും സംഘവും നിരവധി തവണ പോയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിധിയുടെ പേരില്‍ തമിഴ്നാട് സംഘവുമായി നടന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല.
ഇടുക്കി: കമ്പകക്കാനത്തെ കൂട്ടക്കൊലപാതകം നിധിയ്ക്ക് പുറമേ റൈസ് പുള്ളറിന്റെ പേരിലും കൃഷ്ണൻ തട്ടിപ്പ് നടത്തിയതായി പൊലീസ്. തട്ടിപ്പിന്റെ കേന്ദ്രം തമിഴ്നാടാണെന്നും പൊലീസ് പറയുന്നു. പണം കൂടുതൽ നഷ്ടപ്പെട്ടത് മലയാളികള്‍ക്കാണ്. ആണ്ടിപ്പെട്ടിയിലേക്ക് കൃഷ്ണനും സംഘവും നിരവധി തവണ പോയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നിധിയുടെ പേരില്‍ തമിഴ്നാട് സംഘവുമായി നടന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല. ഇരുതലമൂരി, വലം പിരി ശംഖ്, വെള്ളിമൂങ്ങ തട്ടിപ്പുകള്‍ പോലെ മറ്റൊരു ഇനമാണ് റൈസ് പുള്ളര്‍, അഥവാ ഇറിഡിയം കോപ്പര്‍ തട്ടിപ്പ് .
അതേസമയം അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം ഊര്‍ജിതമാക്കാനായി എസ്ഐടി സംഘം വിപുലീകരിച്ചു. 20 അംഗ സംഘം 40 അംഗ പ്രത്യേക അന്വേഷണ സംഘമായാണ് വിപുലീകരിച്ചിരിക്കുന്നത്. ഒരു സംഘം തമിഴ്നാട്ടിൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
പ്രദേശത്തെ ജോത്സ്യൻമാരെ കേന്ദ്രീകരിച്ചാണ് നാട്ടിലെ അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതക സംഘവുമായി ഇവർക്ക് ബന്ധമുണ്ടോ എന്നാണ് പരിശോധിക്കുന്നത്. കൊല്ലപ്പെട്ട കൃഷ്ണൻ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നത് പ്രദേശത്തെ പൂജാരികളും ജ്യോത്സ്യൻമാരുമായിട്ടാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മന്ത്രവാദത്തിനായി എത്തുന്നവർക്ക് പ്രശ്നപരിഹാരം നിർദ്ദേശിച്ച് പൂജകൾക്കായി നെടുങ്കണ്ടത്തുള്ള പൂജാരികളുടെ അടുത്തേക്ക് കൃഷ്ണൻ അയച്ചിരുന്നു. മൊബൈൽ നമ്പർ വിശദാംശങ്ങൾ പരിശോധിച്ച് ഇവരെയെല്ലാം വിളിച്ച് വരുത്തി പൊലീസ് ചോദ്യം ചെയ്തു.
ഇതിലൊരാൾ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്ത നെടുങ്കണ്ടം സ്വദേശി രാജുവിന്‍റെ ബന്ധുവാണ്. തിരുവന്തപുരത്ത് നിന്ന് കസ്റ്റഡിയിൽ എടുത്ത മൂന്ന് പേർക്കും രാജുവുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് സൂചന. നിധിയെടുക്കാൻ കൃഷ്ണനെ സമീപിച്ചവർക്ക് ഈ നാലുപേരുമായി ഏത് തരത്തിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
നൂതന സാങ്കേതിക സംവിധാനമായ സ്പെക്ട്ര ഉപയോഗിച്ചാണ് മൊബൈൽ ഫോൺ വിളികൾ പൊലീസ് വിശകലനം ചെയ്യുന്നത്. കൊലപാതകം നടന്ന സ്ഥലത്തെ ടവറിലൂടെ പോയ ഫോൺകോളുകൾ വേഗത്തിൽ തരംതിരിക്കാൻ സ്പെക്ട്രയ്ക്ക് സാധിക്കും. കമ്പക്കാനത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ സഹായകരമാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.
മുണ്ടൻ മുടി കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആര്‍ഷ, ആദര്‍ശ് എന്നിവരുടെ മൃതദേഹങ്ങളാണ് ബുധാനാഴ്ച വീടിന് പിന്നിലെ കുഴിയില്‍ നിന്ന് കണ്ടെത്തിയത്. ആഭിചാരക്രിയകളെക്കുറിച്ചുള്ള തർക്കമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രദേശത്ത് അടുത്തിടെ ഉണ്ടായ അസ്വഭാവിക മരണങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ബന്ധുക്കളമായുള്ള സ്വത്ത് തർക്കവും അന്വേഷണ പരിധിയിലാണ്. ആദ്യഘട്ടത്തിൽ കൃഷ്ണന്‍റെയും കുടുംബാംഗങ്ങളുടെയും മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
