കനകദുർഗയെയും ബിന്ദുവിനെയും മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. അതേസമയം ശബരിമലയിൽ വീണ്ടും പോകണമെന്ന ആവശ്യം പൊലീസ് തള്ളും. വലിയ തിരക്കും സുരക്ഷാ പ്രശ്നവും കാരണം യാത്ര നീട്ടിവയ്ക്കാൻ ആവശ്യപ്പെടാനാണ് പൊലീസിന്‍റെ തീരുമാനം. 

കോട്ടയം: കനകദുർഗയെയും ബിന്ദുവിനെയും മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. അതേസമയം ശബരിമലയിൽ വീണ്ടും പോകണമെന്ന ആവശ്യം പൊലീസ് തള്ളും. വലിയ തിരക്കും സുരക്ഷാ പ്രശ്നവും കാരണം യാത്ര നീട്ടിവയ്ക്കാൻ ആവശ്യപ്പെടാനാണ് പൊലീസിന്‍റെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് ഇരുവർക്കും കത്ത് ഇന്ന് നൽകും.

ശബരിമലയിലേക്ക് വീണ്ടും പോകണമെന്ന് മലകയറാനെത്തിയ ബിന്ദുവും കനകദുര്‍ഗയും നേരത്തെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. സുരക്ഷ ആവശ്യപ്പെട്ട് ഇരുവരും പൊലീസിന് കത്ത് നൽകി. എന്നാല്‍ ശബരിമലയിൽ പോകുന്നതിന് സുരക്ഷ നൽകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. സ്വന്തം ഉത്തരവാദിത്വത്തിൽ മലകയറണമെന്നും പൊലീസ് ഇവരെ അറിയിച്ചു. അതേസമയം ഇരുവരുടേയും നിലപാട് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് കോട്ടയം ഡിവൈഎസ്പി ശ്രീകുമാർ വ്യക്തമാക്കി. 

രാവിലെ മലകയറാനെത്തിയ ഇരുവരെയും പ്രതിഷേധത്തെ തുടര്‍ന്ന് പൊലിസ് തിരിച്ചിറക്കുകയായിരുന്നു. മടങ്ങുന്നതിനിടെ തങ്ങളെ വീണ്ടും മലകയറ്റാമെന്ന് പൊലിസ് ഉറപ്പുതന്നിട്ടുണ്ടെന്നായിരുന്നു ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. 

തിരിച്ചിറങ്ങിയ ഇരുവരെയും പൊലീസ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ഇരുവര്‍ക്കും ആരോഗ്യ പ്രശ്നങ്ങില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കനക ദുര്‍ഗ്ഗയ്ക്ക് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചതോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് പ്രതിഷേധകര്‍ ശരണം വിളിയുമായെത്തി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. എന്നാല്‍ പ്രതിഷേധക്കാര്‍ ആംബുലൻസിന് നേരെ ചീമുട്ടയേറിഞ്ഞു.

രാവിലെ ഏഴ് മണിയോടെയാണ് ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനത്തിനായി മല കയറാന്‍ എത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ നിലയ്ക്കലെത്തി. നാല് മണിയോടെ പമ്പയിലെത്തി അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു.