വനിതാമതിൽ തീരുമാനിച്ചത് സി പി എം നേതൃത്വം നൽകുന്ന ഇടതുമുന്നണിയാണ്. വി എസ് ഇപ്പോഴും സി പി എമ്മുകാരനാണെന്നാണ് വിശ്വാസമെന്നും കാനം

തിരുവനന്തപുരം: വനിതാ മതിലിനെ വിമർശിച്ച വി എസിനെ തള്ളി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വനിതാമതിൽ തീരുമാനിച്ചത് സി പി എം നേതൃത്വം നൽകുന്ന ഇടതുമുന്നണിയാണ്. വി എസ് ഇപ്പോഴും സി പി എമ്മുകാരനാണെന്നാണ് വിശ്വാസമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

വി എസ് എടുത്ത നിലപാട് ശരിയാണോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം വ്യക്തമാക്കി. മന്നത്ത് പത്മനാഭൻ നവോത്ഥാന നായകനാണ്. മന്നത്തിന്റെ ശിഷ്യന്മാർ നവോത്ഥാന പാരമ്പര്യത്തിൽ നിന്ന് മാറിപ്പോകുന്നത് അവർ തന്നെ ചർച്ച ചെയ്യണമെന്നും കാനം പറഞ്ഞു. 

ഹിന്ദുത്വവാദികളുടെ ആചാരങ്ങൾ പകർത്തലല്ല വർഗസമരമെന്ന് വി എസ് അച്യുതാനന്ദന്‍ വനിതാ മതിലിനെ എതിര്‍ത്ത് പറഞ്ഞിരുന്നു. ജാതി സംഘടനകൾക്കൊപ്പമുള്ള വർഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും വി എസ് പറഞ്ഞിരുന്നു. അതേസമയം വി എസ് അച്യുതാനന്ദന്‍ രേഖപ്പെടുത്തിയ എതിര്‍പ്പ് സി പി എം കേന്ദ്ര കമ്മിറ്റി തള്ളിയിരുന്നു. വര്‍ഗ സമരമല്ലെങ്കിലും വര്‍ഗീയതയ്ക്കെതിരെയുള്ള സമരമാണ് വനിതാ മതിലെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ തീര്‍ക്കുക. നവോത്ഥാന പാരമ്പര്യമുള്ള സംഘനടകളുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് വനിതാ മതിൽ തീർക്കുന്നത്.