ആശിഷിനെ ആക്രമിച്ച നീലേശ്വരം ചാളക്കടവ് സ്വദേശി ദിനേശനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
കാസർകോട്: കാഞ്ഞങ്ങാട് യുവാവിനെ പട്ടാപകൽ തലക്കടിച്ചു കൊന്നു. കണ്ണൂർ ചിറക്കൽ സ്വദേശി ആശിഷ് വില്യം (35)ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബുധനാഴ്ച വൈകുന്നേരംഅഞ്ചു മണിയോടെയാണ് സംഭവം.
ആശിഷിനെ ആക്രമിച്ച നീലേശ്വരം ചാളക്കടവ് സ്വദേശി ദിനേശനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അലാമിപ്പള്ളി രാജ് റസിഡന്‍സി ബാറില്‍ മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബാറിലെ വാക്കുതർക്കത്തിന് ശേഷം നിര്‍മാണം പൂര്‍ത്തിയാവാത്ത ഷോപ്പിംഗ് കോംപ്ലക്‌സിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന ആശിഷിനെ ദിനേശന്‍ വാരിക്കഷ്ണം കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ദിനേശിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ആശിഷിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവസമയം ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആശിഷിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോകും.
