കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ആളുകള്‍ ഐഎസില്‍ ചേര്‍ന്നതിന് പൊലീസിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. സിറിയയിലെത്തിവര്‍ ബന്ധുക്കള്‍ക്കയച്ച ശബ്ദസന്ദേശങ്ങളാണ് അന്വേഷണസംഘത്തിന് കിട്ടിയത്. നേരത്തെ അറസ്റ്റിലായവര്‍ സിറിയയില്‍ എത്തിയതിന് തെളിവായി പാസ്‌പോര്‍ട്ടുകളും പൊലീസിന് കിട്ടി.

സിറിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ മലയാളികള്‍ എത്തിയെന്നു തെളിയിക്കുന്ന 300 ലധികം ശബ്ദസന്ദേശങ്ങളാണ് അന്വേഷണസംഘത്തിന് കിട്ടിയത്.ഇതില്‍ ഏച്ചൂര്‍ സ്വദേശി ഷജില്‍ ഏറ്റുമുട്ടലില്‍ മരിച്ചെന്ന് ഭാര്യ ഹഫ്‌സിയ നാട്ടിലെ സഹോദരനെ അറിയിക്കുന്ന ശബ്ദസന്ദേശമുണ്ട്. ഷജിലിന്റെ ഭാര്യയും കുട്ടികളും ഇപ്പോഴും സിറിയയിലാണ്. 

ഷജിലിന്റെ സുഹൃത്ത് വളപട്ടണം സ്വദേശി മനാഫും സിറിയയിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. ഷജില്‍ കൊല്ലപ്പെട്ടതിനാല്‍ അയാള്‍ കടം വാങ്ങിയ പണം താന്‍ തിരികെ നല്‍കാമെന്ന് നാട്ടിലെ സുഹൃത്തിനോട് മനാഫ് പറയുന്നത് മറ്റൊരു ശബ്ദസന്ദേശത്തിലുണ്ട്. ചെക്കിക്കുളം സ്വദേശി അബ്ദുള്‍ ഖയ യുദ്ധഭൂമിയില്‍ നിന്ന് വീട്ടിലേക്കയച്ച ശബ്ദസന്ദേശങ്ങളും അന്വേഷണസംഘം തെളിവായി നിരത്തുന്നു. 

ഇയാള്‍ ഐഎസ് യൂണിഫോം ധരിച്ച് തോക്കുമായി നില്‍ക്കുന്ന ചിത്രങ്ങളുമുണ്ട്. ഇതോടൊപ്പം പൊലീസിനു കിട്ടിയ ചെറുതും വലുതുമായ നൂറിലധികം ശബ്ദസന്ദേങ്ങള്‍ പരിശോധിച്ചതിലൂടെ കൂടുതല്‍ മലയാളികള്‍ ഐഎസില്‍ ഉണ്ടെന്ന് അന്വേഷണസംഘം ഉറപ്പിച്ചു പറയുന്നു. ഐഎസ് ബന്ധത്തിന് നേരത്തെ കണ്ണൂരില്‍ അറസ്റ്റിലായ റാഷിദ്, മിഥിലാജ് എന്നിവരുടെ പാസ്‌പോര്‍ട്ടുകള്‍ പൊലീസ് കണ്ടെടുത്തു. 

പാസ്‌പോര്‍ട്ടില്‍ ഇസ്താംബൂള്‍ എയര്‍പോര്‍ട്ടിലെ സീലും പതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സിറിയയിലേക്ക് പോകാന്‍ ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവല്‍ ഏജന്‍സികളില്‍ നിന്നും പൊലീസ് നിര്‍ണ്ണായക തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇത്തരം തെളിവുകള്‍ ലഭിച്ചതിലൂടെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.