റിയാദ്: റിയാദിനടുത്ത് നസീമില്‍ ജോലിചെയ്തുവന്ന മലയാളി യുവാവിനെ കാണാതായിട്ട് രണ്ടാഴ്‌ച പിന്നിടുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയും നസീമിലെ റീട്ടെയില്‍ വേള്‍ഡ് ട്രേഡിങ് കമ്പനി ജീവനക്കാരനുമായ കെ കെ ജയേഷിനെ(39)യാണ് ജൂണ്‍ 23 മുതല്‍ കാണാതായത്. ജൂണ്‍ 19ന് അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചെത്തിയ ജയേഷ്, ശാരീരികബുദ്ധിമുട്ടും അസുഖവും കാരണം ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. ഇതിനിടെയാണ് ജൂണ്‍ 23ന് താമസസ്ഥലത്തുനിന്ന് ജയേഷിനെ കാണാതായത്. തുടര്‍ന്ന് ജിദ്ദയില്‍ ജോലി ചെയ്യുന്ന ജയേഷിന്റെ സഹോദരന്‍ കെ കെ സുരേഷും സുഹൃത്തുക്കളും ചേര്‍ന്ന് അധികൃതര്‍ക്ക് പരാതി നല്‍കി. വിവിധ പ്രവാസ സംഘടനകള്‍ മുഖേന ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്. ജയേഷ് ജോലി ചെയ്യുന്ന സ്ഥാപനം പൊലീസ് മുഖേന പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കാണാതായി ഇത്രദിവസം പിന്നിട്ടിട്ടും ജയേഷിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. നാട്ടില്‍ ജനപ്രതിനിധികള്‍ മുഖേന, വിഷയം കേരള സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

സൗദിയുടെ ഒട്ടു മിക്ക ഭാഗങ്ങളിലും സുഹൃത്തുക്കളും അല്ലാത്തവരും ഒക്കെ തന്നെ ഇവിടെയുള്ള പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാധ്യമായ എല്ലാ അന്വേഷണങ്ങളും ഒരു വിധം നടത്തി കഴിഞ്ഞതായി ജയേഷിന്റെ സഹോദരന്‍ കെ കെ സുരേഷ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയോട് പറഞ്ഞു. പോലീസ് സ്റ്റേഷന്‍, ആശുപത്രികള്‍ തുടങ്ങീ കടന്നു ചെല്ലാന്‍ പറ്റുന്ന എല്ലാ മേഖലകളും അന്വേഷിച്ചു കഴിഞ്ഞു. ഇപ്പോഴും തുടരുന്നു. എംബസി ഏതെങ്കിലും രീതിയില്‍ ഇത്തരം കേസുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി സൗദി സര്‍ക്കാരിനെ സമീപിച്ചാല്‍ മാത്രമേ ഇനി എന്തെങ്കിലും നടക്കൂ. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇവിടെയുള്ള പോലീസ് നന്നായി അന്വേഷിച്ചാല്‍ മാത്രമേ ഇനി എന്തെങ്കിലും പുരോഗതി ഈ വിഷയത്തില്‍ ഉണ്ടാക്കാന്‍ കഴിയൂവെന്നും സുരേഷ് പറയുന്നു.

ജയേഷിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറുകളില്‍ അറിയിക്കുക.

കെ കെ സുരേഷ്- 0534883050
അബ്ദുറഹിമാന്‍- 0503676122