കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തിലെ ശോഭായാത്രയില്‍ മൂന്നരവയസുള്ള കുട്ടിയെ സുരക്ഷിതമല്ലാ വാഹനത്തിന് മുകളില്‍ കെട്ടിയിട്ട സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു. പയ്യന്നൂര്‍, തളിപറമ്പ് എന്നിവിടങ്ങളില്‍ നടന്ന ശോഭായാത്രകളില്‍ കുട്ടികളെ മണിക്കൂറുകളോളം കെട്ടിയിട്ട സംഭവത്തിലാണ് തളിപ്പറമ്പ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. 

പയ്യന്നൂരില്‍ നടന്ന ശോഭായാത്രയില്‍ കുട്ടിയെ കെട്ടിയിട്ട സംഭവത്തില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇന്നലെ കേസെടുത്തിരുന്നു. മൂന്നു വയസ്സുകാരനെ ചെരിഞ്ഞ പ്ലാറ്റ്‌ഫോമില്‍ മണിക്കൂറുകള്‍ വെയിലത്ത് കിടത്തിയ പ്ലോട്ടിനെതിരയുള്ള പരാതി ചൈല്‍ഡ് ലൈന്‍ പൊലീസിന് കൈമാറിയിരുന്നു. ആലിലയില്‍ കിടക്കുന്ന താമരക്കണ്ണനെന്ന പേരില്‍ ആവിഷ്‌കരിച്ചിരിക്കുന്ന പ്ലോട്ടിലാണ് കുട്ടിയെ വെയിലത്ത് കെട്ടിയിട്ടത്. 

വാഹനത്തില്‍ കൊണ്ടുപോകുന്ന, കുത്തനെയുള്ള പ്രതലത്തില്‍ പാടുപെട്ട് ഇരിക്കുകയും കിടക്കുകയുമല്ലാത്ത അവസ്ഥയിലുള്ള കുട്ടിയെ കാണാം. പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്ന അരയിലുള്ള കെട്ട് മാത്രമാണ് ഏക സുരക്ഷാ സംവിധാനം. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള വിവേകാനന്ദസേവാ സമിതിയുടെ പേരിലുള്ള പ്ലോട്ടില്‍ ഉടനീളം ഈയവസ്ഥയില്‍ വെയിലും കൊണ്ടായിരുന്നു കുട്ടിയുടെ യാത്ര.