കരിപ്പൂർ പൂർണ രൂപത്തിൽ സജ്ജമാക്കാമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പു നൽകിയതായി വി മുരളീധരൻ എം.പി.

കോഴിക്കോട്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിലുള്ള അനിശ്ചിത്വം നീങ്ങുന്നു. കോഡ്- ഇ വിഭാഗത്തില്‍ പെട്ട വിമാനങ്ങളുടെ സര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കാമെന്ന ഉറപ്പ് ലഭിച്ചതായി എംപിമാരായ കു‍ഞ്ഞാലിക്കുട്ടിയും എം കെ രാഘവനും വ്യക്തമാക്കി. അവഗണനക്കെതിരെ എം കെ രാഘവന്‍ എംപി നടത്തിയ ഉപവാസം ഇതോടെ അവസാനിപ്പിച്ചു. കരിപ്പൂർ പൂർണ രൂപത്തിൽ സജ്ജമാക്കാമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പു നൽകിയതായി വി മുരളീധരൻ എം.പിയും അറിയിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിലച്ചിട്ട് മൂന്ന് വര്‍ഷം പിന്നിട്ടു. റണ്‍വേ അറ്റകുറ്റപണിയെ തുടര്‍ന്ന് ചെറുവിമാനങ്ങള്‍ക്ക് മാത്രമായിരുന്നു അനുമതി. വലിയ വിമാനങ്ങളില്ലാത്തതിനാല്‍ ഹജ്ജ് സര്‍വ്വീസ് കൊച്ചിയിലേക്ക് മാറ്റി. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയിട്ടും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുന:സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികളും, മലബാറിലെ സംഘടനകളും വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിരുന്നു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡി ജി സി എയും സംയുക്ത പരിശോധന നടത്തി റണ്‍വേയില്‍ സാങ്കേതിക തടസ്സങ്ങള്‍ ഇല്ല എന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, സര്‍വ്വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമനെന്നാണ് ചട്ടം. ഇത് പൂര്‍ത്തിയാകുന്ന മുറക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എയര്‍പോര്‍ട്ട് അഥോറിറ്റി വ്യക്തമാക്കി. 

ഇന്ത്യയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍ ആറാംസ്ഥാനത്തായിരുന്നു കരിപ്പൂര്‍. വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിരോധിച്ച ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ പതിനെട്ടാം സ്ഥാനത്തേക്കും, കാര്‍ഷിക ഉത്പന്നങ്ങളുടെയും മറ്റും കയറ്റുമതില്‍ 12 മത് സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. മലബാറിന്‍റെ വികസനത്തിന് തിരിച്ചടിയായ ഈ നടപടിക്കെതിരെയാണ് കോഴിക്കോട് എംപി എംകെ രാഘവന്‍ ഉപവസിച്ചത്. അനുകൂല തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ അടുത്തമാസം രണ്ട് മുതല്‍ വിമാനത്താവളത്തിനുള്ളില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങാനാണ് തീരുമാനം.