ഭൂരിപക്ഷത്തിലെത്താൻ ബിജെപിക്ക് മുമ്പിലുളള സാധ്യതകൾ ഇങ്ങനെ
ബെംഗളൂരു: നാടകീയത നിറഞ്ഞ കര്‍ണാടക രാഷ്ട്രീയത്തില്‍ ഇന്ന് വേകുന്നേരം നാല് മണിക്ക് നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് ബിജെപി,കോണ്‍ഗ്രസ്, ജെഡിഎസ് എന്നിവയക്ക് നിര്‍ണായകമാണ്. വിശ്വാസ വോട്ടെടുപ്പില്‍ വിജയത്തിനായി മൂന്നു വഴികളാണ് ബിജെപിക്ക് മുന്നിലുള്ളത്. ഒന്ന്, ഏഴ് എംഎൽഎമാരെ എതിർ ക്യാമ്പിൽ നിന്ന് കൈക്കലാക്കി കൂറുമാറി വോട്ടുചെയ്യിപ്പിക്കുക എന്നതാണ്. രണ്ട് സ്വതന്തൻമാരെ ഇതിലേക്ക് ബിജെപി നോട്ടമിടുന്നു.
ഒപ്പം അഞ്ച് കോൺ-ഗ്രസ്- ജെഡിഎസ് എംഎൽഎമാരും വോട്ട്ചെയ്താൽ ബിജെപിക്ക് 111 ഉം എതിർസഖ്യത്തിന് 110ഉം വോട്ട് ലഭിക്കും. ഒരു വോട്ടിന്‍റെ ഭൂരിപക്ഷം യെദ്യൂരപ്പക്ക് ലഭിക്കും കൂറുമാറുന്ന എംഎൽഎമാരെ അയോഗ്യരാക്കുന്നത് അടക്കമുളള കാര്യങ്ങളിൽ തീരുമാനം സ്പീക്കറുടേത് ആയതിനാൽ ഇക്കാര്യത്തില്‍ വലിയ ആശങ്കയില്ല.
രണ്ടാമത്തെ സാധ്യത കോണ്‍ഗ്രസ് ജെഡിഎസ് എംഎൽഎമാർ വോട്ട്ചെയ്യാതെ വിട്ടുനിൽക്കലാണ്. പതിനാല് എംഎൽഎമാർ എങ്കിലും ഇങ്ങനെ വിട്ടുനിന്നാൽ ബിജെപിക്ക് 104ഉം കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് 103ഉംവോട്ടുകളാവും. യെദ്യൂരപ്പക്ക് ഭരണം തുടരാൻ ഒരുവോട്ട് ധാരാളം. രണ്ട് ജെഡിഎസ് എംഎൽഎമാരും കോൺഗ്രസ് എംഎൽഎ ആനന്ദ് സിങും ഇന്ന് വിധാൻ സൗധയിലെത്തി ബിജെപിക്ക് പിന്തുണയറിയിച്ചാലും ഇനിയും നാല് പേരുടെ പിന്തുണ വേണം.
രണ്ട് സ്വതന്ത്രരെ ബിജെപി നോട്ടമിട്ടുകഴിഞ്ഞു. 101 ശതമാനം വിജയമുറപ്പെന്നാണ് യെദ്യൂരപ്പക്ക് ആത്മവിശ്വാസം. എംഎൽഎമാർ ചോർന്നുപോകാതിരുന്നാൽ കോൺഗ്രസിനും ജെഡിഎസിനും രാഷ്ട്രീയ വിജയം. അല്ലെങ്കിൽ ഒരു ദിവസ മുഖ്യമന്ത്രി ഇനിയുളള ദിവസവും കർണാടകം ഭരിക്കും. കർണാടകത്തിൽ ഇനി ബാക്കിയേത് നാടകമെന്ന് വിധാൻസൗധയിലെ വേദിയിലേക്ക് കാത്തിരിപ്പ്.
