ബംഗളുരു: കര്‍ഷകരുടെ വായ്പ എഴുതിത്തളളണമെന്നും മുടങ്ങിക്കിടക്കുന്ന കുടിവെളള പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നുമുള്‍പ്പെടെയുളള ആവശ്യമുന്നയിച്ച് കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ബന്ദ്. രണ്ടായിരത്തോളം കന്നഡ സംഘടനകളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് കന്നഡ രക്ഷണ വേദികയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. സായുധ സേനയെ അടക്കം വിന്യസിച്ച് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബെംഗളൂരുവിലേക്കും തിരിച്ചുമുളള സര്‍വീസുകള്‍ പതിവുപോലെ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ബന്ദില്‍ പങ്കെടുക്കില്ലെന്ന് ഹോട്ടലുടമകളും സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളും വ്യക്തമാക്കിയിട്ടുണ്ട്.