കര്‍ണാടകയില്‍ നാളെ എന്തും സംഭവിക്കാം! സാധ്യതകള്‍ ഇങ്ങനെ...
ബെംഗളൂരു: നാടകീയതകളുടെ അരങ്ങായി പരിണമിച്ചിരിക്കുകയാണ് കര്ണാടക രാഷ്ട്രീയം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ആരംഭിച്ച മുമ്പെങ്ങും കണ്ടിട്ടില്ലാത്ത അധികാര വടംവലിക്ക് ശനിയാഴ്ച വൈകുന്നേരത്തോടെ തിരശ്ശീല വീഴും. തെരഞ്ഞെടുപ്പ് ഫലത്തില് 104 എംഎല്എമാരുടെ പിന്തുണയുള്ള ബിജെപിയാണ് ഇപ്പോള് സര്ക്കാര് ഉണ്ടാക്കിയിരിക്കുന്നത്.
ബിജെപി ഭരണത്തിലെത്താതിരിക്കാന് ബദ്ധശത്രുക്കളായ കോണ്ഗ്രസും(78) ജെഡിഎസും(37) ഒന്നിച്ചതോടെയാണ് ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില് സര്ക്കാറുണ്ടാക്കാന് ബിജെപി ചരടുവലിച്ചത്. സര്ക്കാരുണ്ടാക്കാന് ഗവര്ണര് ക്ഷണിച്ചതോടെ യദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല് കോണ്ഗ്രസ് ജെഡിഎസ് സഖ്യത്തില് 117 എംഎല്എമാര് ഉണ്ടെന്നിരിക്കെ സര്ക്കാരുണ്ടാക്കാന് ബിജെപിയെ വിളിച്ച ഗവര്ണറുടെ നടപടിക്കെതിരെ കോണ്ഗ്രസ് സുപ്രിംകോടതിയെ സമീപച്ചു. അംഗബലം തെളിയിക്കാന് ഗവര്ണര് അനുവദിച്ച 15 ദിവസം ശനിയാഴ്ച വൈകുന്നേരം വരെയാക്കി സുപ്രിംകോടതി ചുരുക്കിയതോടെ കോണ്ഗ്രസിന് താല്ക്കാലിക ആശ്വാസം. പിന്നാലെ പ്രോടേം(ഇടക്കാല) സ്പീക്കറെ കീഴ്വഴക്കം തെറ്റിച്ച് നിയമിച്ചതോടെ ആശങ്കയിലാണ് കോണ്ഗ്രസ്. യെദ്യൂരപ്പയുടെ വിശ്വസ്തനായ കെജി ബൊപ്പയ്യയൊണ് ഗവര്ണര് പ്രോടേം സ്പീക്കറായി നിയമിച്ചിരിക്കുന്നത്.
നാളത്തെ സഭാ നടപടിക്രമങ്ങള്
സ്പീക്കറുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം അധികാരങ്ങള് കൈമാറുന്നതാണ് ആദ്യത്തെ നടപടിക്രമം. ഇതിനായി ഗവര്ണര് വിജ്ഞാപനമിറക്കും. സഭ സമ്മേളിക്കുമ്പോള് പ്രോടേം സ്പീക്കറുടെ മുമ്പില് തെരഞ്ഞെടുക്കപ്പെട്ട എംഎല്എമാര് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും. തുടര്ന്ന് സ്പീക്കറെ തെരഞ്ഞെടുപ്പാണ് നടക്കേണ്ടതെങ്കിലും പൂര്ണ അധികാരം പ്രോടേം സ്പീക്കര്ക്ക് ഗവര്ണര് നല്കുന്നതിനാല് അദ്ദേഹത്തിന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താനാകും. തുടര്ന്ന് യെദ്യൂരപ്പ സഭയില് ഒറ്റവരി പ്രമേയം അവതരിപ്പിക്കും. ഭൂരിപക്ഷം അവകാശപ്പെടുന്ന പാര്ട്ടി അല്ലെങ്കില് മുന്നണിയുടെ നേതാവാണ് ഈ പ്രമേയം അവതരിപ്പിക്കേണ്ടത്. മന്ത്രിസഭ സഭയക്ക് മുമ്പാകെ വോട്ടെടുപ്പ് തേടുന്നു എന്നതായിരിക്കും പ്രമേയം. തുടര്ന്ന് സ്പീക്കറുടെ അനുമതിയോടെ വോട്ടെടുപ്പ് തുടങ്ങും.
തുടര്ന്ന് എംഎല്എമാര്ക്ക് പാര്ട്ടികള് വിപ്പ് നല്കും. ആര്ക്ക് വോട്ട് ചെയ്യണമെന്ന് നിര്ദേശിക്കുന്നതാണ് വിപ്പ്. വിപ്പ് തെറ്റിച്ച് എംഎല്എമാര് വോട്ട് ചെയ്താല് കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎല്എ അയോഗ്യനാകും. എന്നാല് അയോഗ്യത നിര്ണയിക്കേണ്ടത് സ്പീക്കറാകും. നടപടി വൈകിപ്പിക്കാനും സ്പീക്കര്ക്ക് കഴിയും. സഭയില് ഭൂരിപക്ഷം തെളിയിക്കാന് സാധിച്ചാല് യെദ്യൂരപ്പ തുടരും. എന്നാല് മറിച്ചാണെങ്കില് കോണ്ഗ്രസ് ജെഡിഎസ് സഖ്യം സര്ക്കാരുണ്ടാക്കാന് അവകാശവാദം ഉന്നയിക്കും. അങ്ങനെ വന്നാല് ഗവര്ണര്ക്ക് സഖ്യത്തെ സര്ക്കാരുണ്ടാക്കാന് വിളിക്കേണ്ടി വരും.
മൂന്ന് സാധ്യതകള്
ബിജെപി സഭയില് ഭൂരിപക്ഷം തെളിയിക്കും
നിലവില് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലമില്ലാത്ത യദ്യൂരപ്പ സര്ക്കാറിന് കോണ്ഗ്രസ് ജെഡിഎസ് എംഎല്എമാര് വോട്ടു ചെയ്യുന്നതിലൂടെ ഭൂരിപക്ഷം തെളിയിക്കാനും സര്ക്കാര് നിലനിര്ത്താനും സാധിക്കും. നിലവില് 104 എംഎല്എമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. കോണ്ഗ്രസ് -ജെഡിഎസ് എംഎല്മാര് വിപ്പ് ലംഘിച്ച് ബിജെപിക്ക് വോട്ട് ചെയ്താലും കാര്യങ്ങള് അനുകൂലമാക്കാന് ബിജെപിക്ക് സാധിക്കും. വിപ്പ് ലംഘിച്ചാല് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കേണ്ടത് സ്പീക്കറാണ്. 14 എംഎല്എമാര് വോട്ടെടുപ്പില് നിന്ന് വിട്ട് നിന്നാലും ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന് കഴിയും.
ബിജെപിക്ക് വിശ്വാസ വോട്ടെടുപ്പില് പരാജയം
കോണ്ഗ്രസ് ജെഡിഎസ് എംഎല്മാരുടെ ചോര്ച്ച തടയുന്നതില് കോണ്ഗ്രസ് വിജയിച്ചാല് വിശ്വാസ വോട്ടെടുപ്പില് ബിജെപി പരാജയപ്പെടും. മണിക്കൂറുകള് മാത്രം മുഖ്യമന്ത്രിയായ യെദ്യൂരപ്പ രാജിവയ്ക്കേണ്ടി വരും. അങ്ങനെ വന്നാല് കോണ്ഗ്രസ് ജെഡിഎസ് സഖ്യം സര്ക്കാറുണ്ടാക്കാന് അവകാശവാദമുന്നയിക്കും. സഖ്യത്തെ സര്ക്കാറുണ്ടാക്കാന് ഗവര്ണര്ക്ക് ക്ഷണിക്കേണ്ടി വരും.
സഭയില് ബഹളം, വോട്ടെടുപ്പ് വൈകും
വോട്ടെടുപ്പിന് മുമ്പ് തന്നെ സഭയില് ബഹളമുണ്ടായാല് സഭാനടപടികള് മുന്നോട്ട് കൊണ്ടുപോകാനാകാതെ വിശ്വാസ വോട്ടെുപ്പ് മാറ്റിവയ്ക്കാം. അങ്ങനെ സംഭവിച്ചാല് ഭൂരിപക്ഷം തെളിയിക്കാന് ബിജെപിക്ക് കൂടുതല് സമയം ലഭിക്കും. സഭയില് എംഎല്എമാരെ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടായാലോ സഭ മാറ്റിവയ്ക്കാന് സാധിക്കും. സഭ നടപടികള് തുടര്ച്ചയായി തടസപ്പെടുത്തി വോട്ടെടുപ്പ് നടക്കാതിരുന്നാല് രാഷ്ട്രപി ഭരണം വരെ കൊണ്ടുവരാന് സാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കാം. ഇത്തരത്തില് ഒരു സാഹചര്യം ജെഡിഎസ് സ്ഥാപകന് ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് (1996) ഗുജറാത്തില് ഉണ്ടായതും ഉദാഹരമാണ്.
