കല്‍പ്പറ്റ; കൊടും വരൾച്ച പശ്ചിമഘട്ടത്തെ കീഴടക്കുന്നുവെന്ന സൂചന നൽകി തെക്കൻ കർണാടകയിൽ കന്നുകാലികളുടെ കൂട്ടമരണം.രണ്ടായിരത്തോളം കന്നുകാലികളാണ് ബന്ദിപ്പൂർ വന്യജീവി സങ്കേതമടക്കം അതിരിടുന്ന ചാമരാജനഗർ ജില്ലയിലെ ഗ്രാമങ്ങളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ചത്തൊടുങ്ങിയത്. ചരിത്രത്തിലാദ്യമായി തെക്കൻ കർണാടക നേരിടുന്ന ദുരന്തം കേരളമുൾപ്പെടുന്ന പശ്ചിമഘട്ട മേഖലയിലെ പാരിസ്ഥിതിക അസന്തുലിതാവസ്ഥ രൂക്ഷമാക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

മഴമേഘങ്ങൾ പെയ്ത് അനുഗ്രഹിച്ച,പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളായിരുന്നു ചാമരാജനഗറിലേത്.തീറ്റപ്പുല്ലും വെളളവും സമ‍ൃദ്ധമായി കിട്ടിയ കാലത്ത് ഗ്രാമീണർ ഓരോരുത്തരും നൂറു കണക്കിന് കന്നുകാലികളെ വാങ്ങി വളർത്തി.നാട്ടിലും പശ്ചിമഘട്ടത്തിലെ കാടുകളിലും മേഞ്ഞ് വളർന്നു കാലികൾ. ഹനൂരിലും കൊല്ലെഗലിലും ഗുണ്ടൽപ്പേട്ടയിലും ക്ഷീരകർഷകർ സമ്പന്നരായി.

കാര്യങ്ങൾ മാറിയത് പതുക്കെയാണ്.അഞ്ച് വർഷം മുമ്പ് കാലാവസ്ഥാ വ്യതിയാനം പ്രകടമായിത്തുടങ്ങി.ഓരോ വർഷവും മഴയുടെ അളവ് കുറഞ്ഞു.മൂന്ന് വർഷമായി അത് തീരെ പെയ്യാതെയായി.ഈ വർഷം വേനലെത്തും മുമ്പേ ദുരന്തം തേടിയെത്തി. തീറ്റയില്ല,വെളളമില്ല,കാലികൾ ചത്തൊടുങ്ങുകയാണ് മേയാൻ വിടുന്ന കാലികളിൽ മിക്കതും തിരിച്ചെത്താറില്ല.കാവേരിയുടെ കൈവഴികളുണ്ട് കാട്ടിനുളളിൽ.വറ്റിയ നീരുറവകളിലും കാണാം പശുക്കളുടെ അസ്ഥികൂടങ്ങൾ.

ഡെക്കാൺ പീഠഭൂമിയുടെ എറ്റവും തെക്കുളള ചാമരാജനഗർ മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലുമെല്ലാം വേനലിൽ പതിവായ കന്നുകാലിമരണമെന്ന ദുരന്തത്തെയാണ് നേരിടുന്നത്.പശ്ചിമഘട്ട അതിർത്തി പ്രദേശങ്ങളിലേക്കുളള കൊടും വരൾച്ചയുടെ വ്യാപനം ആശങ്കയേറ്റുന്നതാണെന്ന് കർണാടകയിലെ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. 

കേരളത്തിൽ കഴിഞ്ഞ വർഷം മഴ ഏറ്റവുമധികം കുറഞ്ഞ വയനാട് ഉൾപ്പെടുന്ന മേഖലയിലേക്ക് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദുരന്തം തേടിയെത്തിയേക്കുമെന്ന സൂചനയും, അപ്പോഴും ഡെക്കാൺ പീഠഭൂമിയിലെ വരണ്ട കാലാവസ്ഥ പശ്ചിമഘട്ടത്തിലേക്ക് കടക്കുമെന്ന് പറയാറാവില്ലെന്ന് ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. എങ്കിലും പശ്ചിമഘട്ട സംരക്ഷണമെല്ലാം കാറ്റിൽ പറത്തുന്ന കാലത്ത് അത് വിദൂരമല്ലെന്ന് ചാമരാജനഗർ നൽകുന്ന കാഴ്ച.