ബംഗലൂരു: ബംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ ഐ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികലയെ തുംകൂരിലെ വനിതാ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി കര്‍ണാടക ഹൈക്കോടതി തളളി. ജയില്‍ മാറ്റുന്ന കാര്യം തീരുമാനിക്കേണ്ടത് കര്‍ണാടക സര്‍ക്കാരാണെന്നും കോടതിക്ക് ഇടപെടാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തമിഴ്‌നാട് മന്ത്രിമാര്‍ ശശികലയെ കാണുന്നത് വിലക്കണമെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമുളള ആവശ്യവും കോടതി പരിഗണിച്ചില്ല. മന്ത്രിമാര്‍ ഭരണഘടനാ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ ട്രാഫിക് രാമസ്വാമി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.