പണമിടപാട് കേസ്; കാര്‍ത്തി ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

First Published 28, Feb 2018, 7:50 PM IST
Karti Chidambaram send to cbi custody
Highlights
  • കമ്പനിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷണം അട്ടിമറിക്കാൻ 10 ലക്ഷം രൂപ കോഴ വങ്ങിയെന്നാണ് കേസ്

ദില്ലി: ഐഎൻഎക്സ് മീഡിയാ പണമിടപാട് കേസിൽ അറസ്റ്റിലായ കാർത്തി ചിദംബരത്തെ ഒരു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. ഐ.എൻ.എക്സ് മീഡിയ കമ്പനിയുടെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ 10 ലക്ഷം രൂപ കോഴ വങ്ങിയെന്നാണ് കേസിലാണ് കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തത്. അതേസമയം രാജ്യം വിട്ടുപോകുന്ന ആളല്ല താനെന്ന് കാർത്തിചിദംബരം കോടതിയിൽ പറഞ്ഞു.

പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎൻ.എക്സ് മീഡിയ കമ്പനിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് 2008ൽ പി.ചിദംബരം ധനമന്ത്രിയായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. ഇതിന്‍റെ മറവിൽ നടന്ന സാമ്പത്തിക തിരിമറികളെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ ഐ.എൻ.എക്സ് മീഡിയ കമ്പനിയിൽ നിന്നും 10 ലക്ഷം രൂപ കോഴവാങ്ങിയ കേസിലാണ് കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. 

ലണ്ടൻ യാത്രക്ക് ശേഷം തിരിച്ചെത്തിയ കാര്‍ത്തി ചിദംബരത്തെ ചെന്നൈ വിമാനത്തിൽ വെച്ചാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ ദില്ലിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കും. നീരവ് മോദിയുടെ 12,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സിബിഐ നാടകമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ഐ.എൻ.എക്സ് മീഡിയ കേസിൽ നേരത്തെ പി.ചിദംബരത്തിന്‍റെയും കാര്‍ത്തി ചിദംബരത്തിന്‍രെയും വീടുകളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ കാര്‍ത്തി ചിദംബരം ഐഎൻഎക്സ് മീഡിയയിൽ നിന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയതിനുള്ള വൗച്ചര്‍ സിബിഐക്ക് കിട്ടി. 4 കോടി 62 ലക്ഷം രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാനാണ് ചിദംബരം ധനമന്ത്രിയായിരിക്കെ എഫ്.ഐ.പി.ബി ഐ.എൻ.എക്സ് മീഡിയക്ക് അനുമതി നൽകിയത്. എന്നാൽ 305 കോടി വിദേശനിക്ഷേപമായി സ്വീകരിച്ച കമ്പനി ഓഹരി വിലയിലും കൃത്രിമം കാട്ടി. 

സാമ്പത്തിക തിരിമറിയെ കുറിച്ചുള്ള ആദായനിതുകി വകുപ്പിന്‍റെ അന്വേഷണം പി.ചിദംബരത്തെ സ്വാധീനിച്ച് അട്ടിമറിക്കാനാണ് കാര്‍ത്തി ചിദംബരം 10 ലക്ഷം രൂപ വാങ്ങിയതെന്നാണ് സിബിഐ പറയുന്നത്. കാര്‍ത്തി ചിദംബരത്തിന്‍റെ ചാര്‍ടേഡ് അക്കൗണ്ടന്‍റായ എസ്.ബാസ്കരരാമനെ കഴിഞ്ഞ 16ന് ദില്ലിയിൽ വെച്ച് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിബിഐയെ രാഷ്ട്രീയ പകപോക്കലിനായി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് മകന്‍റെ അറസ്റ്റിനെ കുറിച്ച് പി.ചിദംബരം പ്രതികരിച്ചു. 


 

loader