കാസര്‍കോട്: ഭൂ നികുതി അടക്കാത്തതിന്റെ പേരില്‍ റവന്യൂ വകുപ്പിന്റെ ജപ്തി ഭീഷണി നേരിട്ട കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് ഓഫിസ് കെട്ടിടത്തിന്റെ ആധാരവും അടിയാധാരവും കാണാനില്ലെന്ന് ആരോപണം. ദേശീയപാത സ്ഥലമേറ്റടുപ്പുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് ഹാജരാക്കാന്‍ രേഖകള്‍ സൂക്ഷിച്ച പെട്ടി തുറന്നപ്പോഴാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഞെട്ടിയത്. ഈ മാസം 13 ന് നടക്കുന്ന ദേശീയപാത സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ സ്ഥലത്തിന് നഷ്ട പരിഹാരം കിട്ടുകയുള്ളു.
ഇതിനായി രേഖകള്‍ കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഡിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍. വിദ്യാനഗറില്‍ ദേശീയ പാതയോരത്ത് പന്ത്രണ്ടേമുക്കാല്‍ സെന്റ് സ്ഥലമാണ് ഡിസിസിയ്ക്കുള്ളത്. ഇതില്‍ നിന്നും മുക്കാല്‍ സെന്റ് സ്ഥലം ദേശീയപാതക്ക് വിട്ടുനല്‍കേണ്ടി വരും. സ്ഥലം വിട്ടുനല്‍കുമ്പോള്‍ കൃത്യമായ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളു.
കെപിസിസി ജനറല്‍ സെക്കട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ ഡിസിസി പ്രസിഡന്റായിരിക്കുമ്പോഴാണ് ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്തിനായി സ്ഥലം വാങ്ങിയത്. റവന്യൂ നികുതി അടക്കാത്തതിന്റെ പേരില്‍ ജപ്തി നടപടി നേരിട്ട ഡിസിസി കെട്ടിടം വാര്‍ത്തയായിരുന്നു. പലിശ സഹിതം 2,53,690 രൂപയടച്ച് മുഖം രക്ഷിച്ചപ്പോഴാണ് സ്ഥലത്തിന്റെ ആധാരവും അടിയാധാരവും കാണുന്നില്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്.
പതിമൂന്നിന് നടക്കുന്ന ദേശീയപാതാ സ്ഥലമെടുപ്പിന്റെ തെളിവെടുപ്പിന് മുന്നോടിയായി കരമടച്ച റസീറ്റും ലൊക്കേഷന്‍ പ്ലാനും ആധാരത്തിന്റെ പകര്‍പ്പും ഹാജരാക്കുമെന്നും ഇതിനുള്ള നടപടികള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി നടത്തി വരികയാണെന്നും ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ പറഞ്ഞു.
