ശ്രീനഗര്‍: ജമ്മുകശ്മീരിൽ പുതുവത്സര ദിനത്തിലും ഏറ്റുമുട്ടൽ തുടരുന്നു. അഞ്ച് സൈനികര്‍ മരിക്കാനിടയായ ആക്രമണത്തിന് പിന്നാലെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഒരു വിഭാഗം ആളുകൾ പുൽവാമയിൽ സൈന്യത്തിന് നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുകയാണ്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ജവന്മാരുടെ ജീവത്യാഗം വെറുതേയാകില്ലെന്ന് ഉറപ്പുനൽകുന്നതായി രാജ്നാഥ് സിങ് പ്രതികരിച്ചു.

ജയ്ഷേമുഹമ്മദ് കമാണ്ടറായിരുന്ന നൂര്‍ മുഹമ്മദിനെ സൈന്യം വധിച്ചതിന് പിന്നാലെയാണ് മേഖലയില്‍ ഭീകരാക്രമണം തുടങ്ങിയത്. പുൽവാമയിലെ സി.ആര്‍.പി.എഫ് ക്യാന്പിനുനേരെ നടന്ന ആക്രമണത്തിന് പിന്നാലെ പാംപോര്‍ മേഖലയിൽ തീവ്രവാദികൾക്ക് വേണ്ടിയുള്ള തിരച്ചിൽ രാവിലെ സൈന്യം ഊര്‍ജ്ജിതമാക്കി. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് സി.ആര്‍.പി.എഫ് ക്യാംപിന് നേരെ ആക്രമണം നടത്തിയ സൈനികരെ വധിക്കാനായത്. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കരസേനയുടെ തീവ്രവാദ വിരുദ്ധ സേനയാണ് തെരച്ചിൽ നടത്തുന്നത്. 

തീവ്രവാദികളുടെ സാന്നിധ്യം താഴ്വരയിൽ കൂടിവരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് സൈന്യം. പ്രാദേശിക തീവ്രവാദ വിഭാഗമാണ് ആക്രമണത്തിന് നേതൃത്വം നൽകുന്നതെന്നാണ് സൈന്യം കണക്കാക്കുന്നത്. താഴ്വരയിലെ സംഘര്‍ഷങ്ങൾക്കൊപ്പം അതിര്‍ത്തിയിലും പാക് പ്രകോപനം തുടരുകയാണ്. ഇന്നലെ പാക് സേനയുടെ വെടിയേറ്റ് ഒരു സൈനികൻ മരിച്ചിരുന്നു. ഇന്ന് പൂഞ്ച് മേഖലയിലും പാക്കിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിര്‍ത്തു.