വഴിയാത്രക്കാരിയായ പെണ്‍കുട്ടിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പൊലീസുകാരനെ നാട്ടുകാര്‍ പിടികൂടി കസേരയില്‍ കെട്ടിയിട്ടു. ജമ്മു കശ്‍മീരില്‍ ശ്രീനഗറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഗന്ധര്‍ബല്‍ ജില്ലയിലാണ് സംഭവം.
അനുമതിയില്ലാതെ മൊബൈലില്‍ ചിത്രം പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട പെണ്‍കുട്ടി തന്നെയാണ് പൊലീസുകാരനെ ആദ്യം പിടികൂടിയത്. രോഷാകുലയായ പെണ്‍കുട്ടി ഇയാളുടെ ജാക്കറ്റില്‍ പിടിച്ച് വലിച്ചതോടെ ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യക്തമാകുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടി നാട്ടുകാരുടെ സഹായം തേടി. ഓടിക്കൂടിയ പ്രദേശവാസികള്‍ ഇയാളെ വളയുകയും കസേരയില്‍ കെട്ടിയിടുകയുമായിരുന്നു. ഇതിന്‍റെ വീഡിയോ സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തുകയും ഇന്‍റര്‍നെറ്റില്‍ അപ്‍ലോഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
