ശ്രീനഗര്‍: കശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ 9,730 പേര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. 2008 മുതല്‍ 2017 വരെയുള്ള സമയത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് പിന്‍വലിക്കുന്നതെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി അറിയിച്ചു.  സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശിപാര്‍ശ പരിഗണിച്ചാണ് കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്.

എന്നാല്‍ എല്ലാ കേസുകളും പിന്‍വലിക്കില്ലെന്നും നിബന്ധനകള്‍ക്ക് വിധേയമായിട്ടാവും 1745 പേര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചെറിയ സംഭവങ്ങളില്‍പ്പെട്ട 4000 പേര്‍ക്കെതിരെ കേസുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 2016നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷത്തില്‍ സൈന്യത്തിനു നേരെയുള്ള പ്രതിഷേധക്കാരുടെ കല്ലേറില്‍ കുറവു വന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ 3773 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും, 11,290 പേര്‍ അറസ്റ്റിലായെന്നും 233 പേരെ ഇനിയും പിടികൂടാനുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ സൈന്യത്തിന് നേരെ കല്ലേറ് നടത്തിയ 4074 പേര്‍ ഏതെങ്കിലും സംഘടനകളുമായോ വിഘടനവാദികളുമായോ ബന്ധമില്ലാത്തവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.