റിപ്പോര്‍ട്ട്- സി പി അജിത

കൊച്ചു കുട്ടിയുടെ മുഖമായിരുന്നു പാർവ്വതി അമ്മയ്ക്ക്. മകന്റെ കൈപിടിച്ച് നിയമസഭയിലേക്ക് നടക്കുമ്പോൾ ഒരേയൊരു ആഗ്രഹം മാത്രം . മകൻ മന്ത്രി അടക്കമുള്ള ഭരണാധികാരികളുടെ നിയമസഭയിലെ പ്രകടനം കാണണം. അങ്ങനെയാണ് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ വന്ന പാർവ്വതി അമ്മ മകൻ കടന്നപ്പള്ളി രാമചന്ദ്രന്റെ കൈപിടിച്ച് നിയമസഭയിലെത്തിയത്. സഭയിലെ വിഐപി ഗ്യാലറിയിത്തിയപ്പോഴേക്കും ചോദ്യോത്തര വേള തീർന്നിരുന്നു. ശ്യൂന്യവേളയും സബ്മിഷൻ അവതരണവുമൊക്കെ കണ്ട് മന്ത്രിയുടെ ഓഫീസിൽ തിരിച്ചെത്തിയപ്പോൾ മകന്റെ പ്രകടനമൊന്നും കാണാനൊത്തില്ലല്ലോ എന്ന കുഞ്ഞു സങ്കടം പാർവ്വതി അമ്മക്ക്. എങ്കിൽ പിന്നെ മിനിയാന്ന് വരായിരുന്നല്ലോ എന്ന് മന്ത്രി. അമ്മ മാത്രമല്ല ഭാര്യ സരസ്വതിയും ബന്ധുക്കളുമെല്ലാം നിയമസഭയിലെത്തിയതിന്റെ ആവേശത്തിലായിരുന്നു കടന്നപ്പള്ളി.

പ്രസ് ഗ്യാലറിയിലിരുന്ന് അച്ഛന് മാർക്കിട്ട മകന്‍

അവധിക്കാലമാണ്. ആഘോഷങ്ങൾക്കൊന്നും അച്ഛനെ കിട്ടിയില്ലെങ്കിൽ പിന്നെ എന്തു ചെയ്യും. വീട്ടിലിരുന്ന് മടുത്ത നിരഞ്ജൻ വേറൊന്നും നോക്കിയില്ല. നേരെ നിയമസഭയിലേക്ക് വച്ചു പിടിച്ചു. വിഐപി ഗ്യാലറിയിലിരുന്ന് സഭാ നടപടികളൊക്കെ കണ്ടിരിക്കുമ്പോഴാണ് ഇടക്കൊരു ബ്രേക്കെടുത്ത് കൃഷിമന്ത്രി വി എസ് സുനിൽകുമാർ പുറത്തിറങ്ങുന്നത് കണ്ടത്. പിന്നെ അച്ഛനും മകനും ക്യാന്റിനിൽ വച്ച് ഒരു ചെറിയ കൂടിക്കാഴ്ച. സ്കൂൾ കലോത്സവത്തിൽ മോണോ ആക്ട് മത്സരത്തിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടിയ നിരഞ്ജൻ കൃഷ്ണക്ക് ആരാധകരും കുറവായിരുന്നില്ല. പത്താം ക്ലാസിൽ എട്ട് എപ്ലസ് ഒക്കെയുണ്ട്. സയൻസിലാണ് താൽപര്യം. ചില്ലറ കറക്കമൊക്കെ തിർന്നാൽ അന്തിക്കാട്ടെ വീട്ടിലേക്ക് മടങ്ങാനാണ് പ്ലാൻ. അതിനിടക്ക് നിയമസഭാ തിരക്കും മന്ത്രി പണിയും തീർന്ന് അച്ഛനെ കിട്ടിയാൽ കിട്ടി. അത്ര തന്നെ ..!