കട്ടിപ്പാറ ജലസംഭരണി നിർമ്മാണം പഞ്ചായത്തിന്‍റെ അറിവോടെയെന്ന് സ്ഥലമുടമ

കട്ടിപ്പാറ: കട്ടിപ്പാറ ദുരന്തത്തിന് ആക്കം കൂട്ടിയ ജലസംഭരണിയുടെ നിര്‍മ്മാണ പ്രവൃത്തിയെ കുറിച്ചറിഞ്ഞിരുന്നില്ലെന്ന ഉദ്യോഗസ്ഥരുടെ വാദം പൊളിയുന്നു. ജലസംഭരണിക്കായി പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതായി സ്ഥലം ഉടമയുടെ മകന്‍ വെളിപ്പെടുത്തി. തമാരശേരി തഹസില്‍ദാര്‍ക്കും കട്ടിപ്പാറ കൃഷി ഓഫീസര്‍ക്കും ജലസംഭരണിയെ കുറിച്ച് അറിവുണ്ടായിരുന്നെന്ന് അബ്ദുള്‍ ലത്തീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കരിഞ്ചോലമലയില്‍ ആട് ഫാമിനും കൃഷിക്കും വേണ്ടിയാണ് സ്ഥലം ഉടമകള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയത്. ഈയാവശ്യങ്ങള്‍ക്കായി മലയില്‍ ജലസംഭരണി നിര്‍മ്മിക്കണമെന്ന് നിര്‍ദ്ദേശിച്ചത് കട്ടിപ്പാറ കൃഷി ഓഫീസറാണന്ന് അബ്ദുള്‍ ലത്തീഫ് വെളിപ്പെടുത്തുന്നു.

താമരേശരി തഹസില്‍ദാറെയും, കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയേയും സമീപിച്ചപ്പോള്‍ പഞ്ചായത്ത് ചട്ടങ്ങളില്‍ ജലസംഭരണിയുടെ നിര്‍മ്മാണത്തിനായി പ്രത്യേക വ്യവസ്ഥകളൊന്നുമില്ലെന്നറിയിച്ച സെക്രട്ടറി വാര്‍ഡ് മെംബറെ വിളിച്ച് ശുപാര്‍ശ ചെയ്തെന്നും ലത്തീഫ് വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് നിര്‍മ്മാണപ്രൃവൃത്തികള്‍ക്കായി അധികൃതരെ സമീപിച്ചത്. 

വാക്കാലുള്ള അനുമതി മതിയെന്ന് ധരിച്ച് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നില്ലെന്നാണ് സ്ഥലം ഉടമ വ്യക്തമാക്കുന്നത്. തുടര്‍ന്ന് ജെസിബിയും മറ്റുമുപയോഗിച്ച് സ്ഥലത്ത് തടയണക്കായി മണ്ണെടുത്തു. പ്രദേശത്തേക്ക് റോഡും വെട്ടി. താമരശേരി തഹസില്‍ദാറും, കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയും പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയപ്പോള്‍ ജലസംഭരണിയെകുറിച്ച് അറിഞ്ഞിരുന്നില്ലെന്ന മുന്‍വാദമാണ് കൃഷി ഓഫീസര്‍ മുഹമ്മദ് ഫൈസല്‍ ഉന്നയിക്കുന്നത്.