കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങൾ ഇന്ന് ശാസ്ത്രീയ പരിശോധനക്ക് അയക്കും. കാവ്യാ മാധവന്റെ കാക്കനാട്ടെ സ്ഥാപനമായ ലക്ഷ്യയിൽ നിന്ന് പിടിച്ചെടുത്ത ദൃശ്യങ്ങളാണിത്. നടിയെ ആക്രമിച്ചതിന് മുന്‍പും ശേഷവുമുള്ള പത്ത് ദിവസത്തെ ദൃശ്യങ്ങളാണിത്. 

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ലക്ഷ്യയിൽ എത്തിച്ചെന്നാണ് സുനിൽകുമാറിന്‍റെ മൊഴി. കീഴടങ്ങുന്നതിന് തൊട്ട് മുന്‍പ് ഇവിടെയെത്തിയതായി സുനിൽ കുമാർ ദിലീപിനയച്ച കത്തിൽ പറയുന്നുണ്ട്. ഇത് പരിശോധിക്കാന്‍ വേണ്ടിയാണ് ദൃശ്യങ്ങൾ പരിശോധനക്ക് അയക്കുന്നത്.

അതേ സമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘം വിപുലീകരിക്കും. കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താൻ എഡിജിപി ബി സന്ധ്യക്ക്, പൊലീസ് മേധാവി നിർദ്ദേശം നൽകി. അന്വേഷണസംഘത്തിൽ ഏകോപനമില്ലെന്ന ആരോപണങ്ങൾ ഡിജിപി ലോക്നാഥ് ബെഹ്റ തളളിക്കളഞ്ഞു. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം ഒന്നുമാകുന്നില്ലെന്ന് മുൻ പൊലീസ് മേധാവി സെൻകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയിരുന്നു. 

ഇതിന് തൊട്ടുപുറകെയാണ് പുതുതായി ചുമതലയേറ്റ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പുരോഗതി വിലയിരുത്താൻ അന്വേഷണചുമതലയുളള എഡിജിപി ബി സന്ധ്യയെയും ഐജി ദിനേന്ദ്രകശ്യപിനെയും വിളിച്ചുവരുത്തിയത്. അന്വേഷണം ഒരുകാരണവശാലും നീണ്ടുപോകരുതെന്ന് ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.

മതിയായ തെളിവുകൾ ശേഖരിച്ച് അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കണമെന്നും പൊലീസ് മേധാവി നിർദ്ദേശം നൽകി. ഇതിനിടെയാണ് അന്വേഷണ ചുമതലയിൽ നിന്ന് ബി സന്ധ്യയെ മാറ്റിയെന്ന അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ ആരെയും മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി പൊലീസ്മേധാവിയുടെ പ്രസ്താവന തൊട്ടുപുറകെ. അന്വേഷണസംഘത്തെക്കുറിച്ച് അതൃപ്തിയില്ലെന്നും കൂടുതൽ ഉദ്യോഗസ്ഥരെ ഉൾക്കൊളളിക്കാനാണ് എഡിജിപിക്ക് നിർദ്ദേശം നൽകിയതെന്നും പൊലീസ് മേധാവി അറിയിച്ചു. 

അതേസമയം,നിലവിലെ അന്വേഷണത്തിന്റെ ഏകോപനത്തിൽ പോരായ്മകളില്ലെന്ന് വിശദീകരിച്ച് എഡിജിപി ബി സന്ധ്യ , പൊലീസ് മേധാവിക്ക് കത്ത് നൽകി. ഒരാഴ്ചയ്ക്കകം കേസിന്‍റെ അന്തിമഘട്ടത്തിലേക്ക് അന്വേഷണസംഘത്തിന്റെ തീരുമാനമെന്നറിയുന്നു.