ഇടുക്കി: മാട്ടുപ്പെട്ടി എക്കോ പോയിന്റില്‍ കയാക്കിങ്ങ് ബോട്ടിങ്ങ് ആസ്വദിക്കുന്നതിനിടെ കോളേജ് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടു. ചെന്നൈയില്‍ നിന്നും മാട്ടുപ്പെട്ടി സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കയാക്കിങ്ങ് ചെയ്യുന്നതിനിടെ ബോട്ടില്‍ വെള്ളം കയറി ജലാശയത്തില്‍ മറിയുകയായിരുന്നു. ലൈഫ് ജാക്കറ്റ് ധരിച്ചതിനാല്‍ വെള്ളത്തില്‍ പൊങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളെ സുരക്ഷ ബോട്ടുകളെത്തി രക്ഷപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
മാട്ടുപ്പെട്ടി എക്കോ പോയിന്റില്‍ മൂന്ന് കയാക്കിങ്ങ് ബോട്ടുകളാണ് സര്‍വ്വീസ് നടത്തുന്നത്. ആദ്യം ഹൈഡല്‍ ടൂറിസം വകുപ്പിന്റെ കീഴില്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന കയ്യാക്കിങ്ങ് ബോട്ടുകള്‍ ഒരാഴ്ചയ്ക്കു മുമ്പ് സ്വകാര്യ വ്യക്തിക്ക് കരാര്‍ വ്യവസ്ഥയില്‍ നല്‍കി. ഒഴുക്കുള്ള വെള്ളത്തില്‍ സാഹസീകമായി ഓടിക്കുന്ന ബോട്ടുകള്‍ കെട്ടികിട്ടുന്ന ജലാശയത്തില്‍ ഓടിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നപടികള്‍ സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്. ആയിരക്കണക്കിന് സന്ദര്‍ശകര്‍ ഒരേ സമയം ബോട്ടിങ്ങ് ആസ്വദിക്കാനെത്തുന്ന ജലാശയത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
