ന്യൂ‍ല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ ആരോപണങ്ങളുമായി വീണ്ടും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ആംആദ്മി പാർട്ടിക്കെതിരെ നിരന്തരം കേസുകളെടുത്ത് ഭീഷണിപ്പെടുത്തുന്ന പ്രധാനമന്ത്രി തന്നെ കൊല്ലാനും മടിക്കില്ലെന്ന് കേജ്രിവാൾ പറഞ്ഞു. യൂ ട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ സന്ദേശത്തിലാണ് കേജ്രിവാളിന്റെ ആരോപണം. ഇതോടെ ദില്ലി, സർക്കാറുകള്‍ തമ്മിലുള്ള തുറന്ന പോര് വീണ്ടും ശക്തമാകുന്നു.

ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ പ്രതികാരബുദ്ധിയോടെ കേസുകളെടുക്കുകയും ജയിലിലടക്കുകയുമാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതെന്ന് കേജ്രിവാൾ ആരോപിക്കുന്നു. ഇത്തരമൊരു പ്രധാനമന്തത്രിയുടെ കൈയിൽ രാജ്യം സുരക്ഷിതമാണോ എന്നും കേജ്രിവാൾ ചോദിച്ചു. തന്‍റെയും ആംആദ്മി പാർട്ടിയുടേയും നിലപാടുകളിൽ പ്രധാനമന്ത്രി അത്രയേറെ വിറളിപിടിച്ചിരിക്കുകയാണെന്നു പറഞ്ഞ കേജ്രിവാൾ ഒരു പടികൂടി കടന്ന് പ്രധാനമന്ത്രി തന്നെ കൊലപ്പെടുത്താനും മടിക്കില്ലെന്നും 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തില്‍ ആരോപിച്ചു.

പത്ത് ആംആദ്മി പാർട്ടി എംഎൽഎമാരാണ് ഇതുവരെ സ്ത്രീപീഡനമടക്കമുള്ള വിവിധ കേസുകളിൽ പ്രതിയാക്കപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പ്രവർത്തകരോടും നേതാക്കളോടും സജ്ജരായി ഇരിക്കാനും വേണ്ടി വന്നാൽ ജയിലിൽ പോകാനും ആഹ്വാനം ചെയ്ത് കേജ്രിവാളിന്റെ വീഡിയോ സന്ദേശം പുറത്ത് വന്നത്.

അതേസമയം കെജരിവാളിന് സമനില നഷ്ടപ്പെട്ടിരിക്കുകയാണെന്നും തരം താണ ആരോപണമാണ് ഉന്നയിക്കുന്നതെന്നുമാണ് ബിജെപിയുടെ പ്രതികരണം.