സമരം ഏഴാം ദിവസത്തിലേയ്ക്ക് കെജ്രിവാളിന് പിന്തുണയുമായി മുഖ്യമന്ത്രിമാര്‍
ദില്ലി: ബി.ജെ.പി, കോണ്ഗ്രസ് ഇതര മുന്നണിക്ക് കളമൊരുങ്ങുന്നുവെന്ന് പ്രതീതിയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സമരം ഏഴാം ദിവസത്തിലേയ്ക്ക്. അതേസമയം നീക്കത്തെ രാഷ്ട്രീയ സഖ്യമായി കാണേണ്ടതില്ലെന്ന് സി.പി.എമ്മും ആശങ്കയില്ലെന്ന് കോണ്ഗ്രസും പ്രതികരിച്ചു. ഐ.എ.ഐസുകാരുടെ നിസഹകരണത്തിൽ പ്രതിഷേധിച്ചാണ് ലഫ്റ്റനന്റ് ഗവര്ണറുടെ വസതിയിൽ അരവിന്ദ് കെജ്രിവാളും മൂന്നു മന്ത്രിമാരും സമരം നടത്തുന്നത്.
ഐഎസുകാരുടെ നിസഹകരണത്തിന് പിന്നിൽ പ്രധാനമന്ത്രിയാണെന്ന് കെജ്രിവാള് ആരോപിക്കുന്നു. കേന്ദ്രം ഫെഡറലിസത്തെ തകര്ക്കുന്നുവെന്ന് ആരോപിച്ച് ബംഗാള്, കര്ണാടക, ആന്ധ്ര, കേരള മുഖ്യമന്ത്രിമാര് പിന്തുണച്ചതോടെ ദില്ലി മുഖ്യമന്ത്രിയുടെ സമരത്തിന്റെ രാഷ്ട്രീയ മാനം മാറി. കര്ണാടക മുഖ്യമന്ത്രിയും നീക്കത്തിൽ പങ്കാളിയായതോടെ കെജ്രിവാളിനെയും ബിജെപിയെയും ഒരുപോലെ വിമര്ശിക്കുന്ന കോണ്ഗ്രസ് വെട്ടിലായി.
പുതിയ സാഹചര്യം വിലയിരുത്താൻ കോണ്ഗ്രസ് ദില്ലി ഘടകം യോഗം ചേരും. മമത ബാനര്ജിക്കെതിരെ കോണ്ഗ്രസുമായി കൈകോര്ക്കണമെന്ന് ബംഗാള് ഘടകവും യെച്ചൂരിയും ശക്തമായി വാദിക്കുമ്പോഴാണ് കെജ്രിവാള് വിഷയത്തിൽ മമതയുമായി പിണറായി വേദി പങ്കിട്ടത്.
