കർദ്ദിനാളിനെതിരെ കേസെടുക്കണമെന്ന വിധി ന്യായത്തിൽ ഉറച്ചുനിൽക്കുന്നു
കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ തുറന്നടിച്ച്, വിരമിച്ച ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ജഡ്ജിമാരുടെ പരിഗണനാ വിഷയത്തിൽ അനവസരത്തിൽ മാറ്റം വരുത്തിയതിന് ഉത്തരവാദി ചീഫ് ജസ്റ്റിസാണ്. ബഞ്ച് മാറ്റിയതിന് പിന്നില്‍ എന്തെങ്കിലും ലക്ഷ്യമുണ്ടെന്ന് ജനം സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഹൈക്കോടതിയിലെ വിരമിക്കല്‍ പ്രസംഗത്തില്‍ തുടങ്ങിവച്ച വിമര്‍ശനം ജസ്റ്റിസ് കെമാല്‍ പാഷ അവസാനിപ്പിക്കുന്നില്ല. ക്രിമിനല്‍ കേസ് കേള്‍ക്കുന്നതില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ ചീഫ് ജസ്റ്റിനെതിരെയാണ് വിമര്‍ശനം ഉയര്‍ത്തുന്നത്. ജഡ്ജി നിയമനത്തില്‍ കൊളീജിയം ശുരപാര്‍ശ ചെയ്ത പേരുകളില്‍ ചിലരെ താന്‍ കോടതികളില്‍ കണ്ടിട്ടുപോലുമില്ലെന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു.
വിരമിച്ച ശേഷം മൂന്നുവര്‍ഷം സര്‍ക്കാര്‍ ശമ്പളം പറ്റുന്ന പദവികള്‍ വഹിക്കരുതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ ആവര്‍ത്തിച്ചു. ഹൈക്കോടതിയില്‍ നിന്നും അടുത്തു വിരമിക്കുന്ന ചീഫ് ജസ്റ്റിസിനെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ജസ്റ്റിസിസിന്‍റെ പ്രതികരണം. സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്കെതിരായി അന്വേഷണം നടത്തണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. കര്‍ദ്ദിനാളിനെതിരെ ക്രിമിനല്‍ കെസെടുക്കണമെന്ന ഉത്തരവ് പിന്നീട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് റദ്ദാക്കിയിരുന്നു.
