തിരുവനന്തപുരം: 12 ദിവസത്തെ ഇടവേളക്ക് ശേഷം നാളെ ചേരുന്ന നിയമസഭ ബന്ധുനിയമനവിവാദത്തിൽ കലങ്ങിമറിയും. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായിരിക്കും സഭയിലെ പ്രതിപക്ഷനീക്കം. ഒരു മന്ത്രിയെ നഷ്ടമായെങ്കിലും ജയരാജന്റെ അതിവേഗത്തിലുള്ള രാജിയുടെ ധാർമ്മികത ഉയർത്തിയായിരിക്കും ഭരണപക്ഷത്തിന്റെ പ്രതിരോധം.

സ്വാശ്രയപ്രശ്നത്തിൽ അടിച്ചുപിരിഞ്ഞ നിയമസഭ വീണ്ടും ചേരുമ്പോൾ കാര്യങ്ങളാകെ മാറി മറഞ്ഞു കഴിഞ്ഞു. സംസ്ഥാനത്താകെ കത്തിപ്പടർന്ന നിയമനവിവാദം , മന്ത്രിസഭയിലെ രണ്ടാമനെ നഷ്ടമായ ഭരണപക്ഷം, അപ്രതീക്ഷിതമായി കിട്ടിയ മികച്ച ആയുധവുമായി പ്രതിപക്ഷം. ജയരാജന്റെ രാജിയിലും തൃപ്തരല്ലാത്ത പ്രതിപക്ഷത്തിന്റെ ഇനിയുള്ള ലക്ഷ്യം മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരിക്കും പ്രതിഷേധം.

ഇപിയുടെ രാജി ക്ഷീണമാണെങ്കിലും ആരോപണങ്ങളിൽ അതിവേഗമെടുത്ത തീരുമാനം തന്നെയായിരിക്കും പ്രതിപക്ഷത്തിനുള്ള ഭരണപക്ഷ മറുപടി. ആരോപണക്കൊടുങ്കാറ്റിൽ യുഡിഎഫ് മന്ത്രിമാർ കടിച്ചുതൂങ്ങിയതടക്കം പരാമർശിക്കുമെന്നുറപ്പ്. രാജിയും അന്വേഷണവും പ്രഖ്യാപിച്ചതിനാൽ പ്രതിപക്ഷ വിമർശനങ്ങൾക്ക് മൂർ‍ച്ഛ കുറയുമെന്നാണ് ഭരണപക്ഷ വിലയിരുത്തൽ.

പിണറായിയുടെ തൊട്ടടുത്തുള്ള കസേരയിൽ നിന്നും ഇപി ജയരാജൻ തൊട്ടുപിന്നിലെ നിരയിലേക്ക് മാറും. മന്ത്രിമാർക്കും ശേഷമുള്ള ഇരിപ്പിടത്തിലേക്ക്. 17 മുതൽ 25 വരെ വിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥനകളാണ് പരിഗണിക്കുന്നത് പിന്നെ ധനകാര്യബിൽ. നവംബർ 10 വരെയാണ് സമ്മേളനമെങ്കിലും നിയമനവിവാദത്തിലെ പോരിൽ വീണ്ടും സഭ വെട്ടിച്ചുരുക്കാനുള്ള സാധ്യതയുണ്ട്.