എടിഎം  കവര്‍ച്ചാസംഘത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് വലവിരിച്ച് പൊലീസ്. സംഘം ഇതിന് മുമ്പും സംസ്ഥാനത്ത് സമാനമായ കവര്‍ച്ച നടത്തിയതായി സൂചനയുണ്ട്. ഒരു വര്‍ഷം മുമ്പ് എറണാകുളം അങ്കമാലിയിൽ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ കൗണ്ടറിലെ പണം തട്ടിയ കേസില്‍ ഇതേ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. 

തൃശൂര്‍: എറണാകുളത്തും തൃശൂരിലും എടിഎം കവര്‍ച്ച നടത്തിയ സംഘത്തിനായി ഉത്തരേന്ത്യയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സംഘം ഇതിന് മുമ്പും സംസ്ഥാനത്ത് സമാനമായ കവര്‍ച്ച നടത്തിയതായി സൂചനയുണ്ട്. ഒരു വര്‍ഷം മുമ്പ് എറണാകുളം അങ്കമാലിയിൽ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ കൗണ്ടറിലെ പണം തട്ടിയ കേസില്‍ ഇതേ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. 

സംസ്ഥാനത്ത് നടന്ന സമാനമായ എടിഎം കവര്‍ച്ചാക്കേസുകള്‍ പരിശോധിച്ചപ്പോഴാണ് അങ്കമാലിയിലെ കാഷ് ഡെപ്പോസിറ്റ് മെഷീൻ തട്ടിപ്പ് പൊലീസിൻറെ ശ്രദ്ധയില്‍പെട്ടത്. മെഷീനില്‍ പണം നിക്ഷേപിക്കാന്‍ എത്തിയവരെ കബളിപ്പിച്ച് പണം കവര്‍ന്ന കേസില്‍ രണ്ടു ബീഹാര്‍ ദേശികളെ പൊലീസ് പിടികൂടിയിരുന്നു. ഇപ്പോള്‍ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും പ്രതികള്‍ നേരത്തെ അറസ്റ്റിലായ സമയത്തെ ദൃശ്യങ്ങളും പരിശോധിച്ചപ്പോള്‍ സംശയം ബലപ്പെട്ടിരിക്കുകയാണ്. അന്ന് അറസ്റ്റിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. 

എടിഎം കേസിലെ പ്രതികള്‍ ധൻബാദ് എക്സ്രപ്രസിലാണ് സംസ്ഥാനം വിട്ടതെന്നതും ശ്രദ്ധേയമാണ്. ഇവരുടെയും അങ്കമാലി കേസിലെ പ്രതികളുടെയും വിരലടയാളം പൊലീസ് പരിശോധിക്കുന്നുണ്ട്. കവര്‍ച്ചാ സംഘം ഉപയോഗിച്ച ഗ്യാസ് കട്ടറും സിലിണ്ടറും ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതു കണ്ടെത്താന്‍ ചാലക്കുടി പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തും. പ്രതികളുടെ ആവശ്യത്തിന് ദൃശ്യങ്ങള്‍ കിട്ടിയതിനാല്‍ ഇനി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതില്ലെന്നാണ് തീരുമാനം.

എറണാകുളം ഇരുമ്പനത്തെയും കൊരട്ടിയിലെയും എടിഎമ്മുകളില്‍ നിന്നും 35 ലക്ഷം രൂപ കവര്‍ന്ന സംഘം സംസ്ഥാനം വിട്ടതായാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഏഴുപേരാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് വിലയിരുത്തല്‍. അടുത്തിടെ ജയില്‍ മോചിതരായ ഇതര സംസ്ഥാന പ്രൊഫഷണല്‍ മോഷ്ടാക്കളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്.