കോട്ടയം: കേരളകോൺഗ്രസ് എമ്മിനെ ഇടത് മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് സിപിഎം കോട്ടയം ജില്ലാ സമ്മേളനം ചർച്ച ചെയ്യും. ജില്ലാ പഞ്ചായത്തിൽ കേരളകോൺഗ്രസിന് പിന്തുണ നൽകിയത് പാർട്ടിക്ക് ഗുണം ചെയ്തെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. പൂഞ്ഞാറിലെ പി സി ജോർജിന്റെ ജയവും സമ്മേളനത്തിൽ ചൂടേറിയ ചർച്ചയാകും.
കേരളകോൺഗ്രസ് എമ്മിന്റെ മുന്നണിപ്രവേശനം സംബന്ധിച്ച ചർച്ചകൾക്കിടെയാണ് സിപിഎമ്മിന്റെ ജില്ലാ സമ്മേളനം തുടങ്ങുന്നത്. ജില്ലാ പഞ്ചായത്തിൽ കേരളകോൺഗ്രസിന് പിന്തുണ നൽകിയത് അടവുനയമായിരുന്നു. എന്നാൽ കേരളകോൺഗ്രസിന്റെ മുന്നണിപ്രവേശനം പാർട്ടികോൺഗ്രസാണ് ഇനി തീരുമാനിക്കേണ്ടതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
പ്രാദേശികവിഭാഗീയത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് കോട്ടയം ജില്ലാ സമ്മേളനം നടക്കുന്നത്. പാലാ പുതുപ്പള്ളി ഏര്യകളിൽ നിലവിലെ സെക്രട്ടറിമാർ മത്സരിച്ച് തോറ്റത് ജില്ലാ നേതൃത്വത്തിന്റെ ക്ഷീണമമായി. പൂഞ്ഞാറിൽ പി സി ജോർജിന്റെ ജയത്തെ തുടർന്നുണ്ടായ പൊട്ടിത്തെറിക്ക് ശമനമുണ്ടായിട്ടില്ല, വി.എൻ വാസവൻ സെക്രട്ടറിയായി തുടരുമെങ്കിലും ജില്ലാകമ്മിറ്റിയിലേക്കും സംസ്ഥാനസമ്മേളനപ്രതിനിധിതെരഞ്ഞെടുപ്പിലേക്കും മത്സരമുണ്ടാകാനുള്ള സാധ്യതതള്ളിക്കളയാനാകില്ല.
