പത്തനംതിട്ട: സംസ്ഥാന തലത്തില്‍ കേരള കോണ്‍ഗ്രസ്സുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബന്ധം തുടരാന്‍ യു ഡി എഫ് തീരുമാനിച്ചെങ്കിലും ജില്ലാ തലങ്ങളില്‍ നേതാക്കള്‍ തമ്മില്‍ പോര് കനക്കുകയാണ്. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തി. കോണ്‍ഗ്രസ്സിനെതിരെ നിലപാട് കടുപ്പിച്ച്, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ് രാജിവച്ചു.

പത്തനംതിട്ടയില്‍ കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസ് പോര് കടുക്കുകയാണ്. മാണിയെ വെല്ലുവിളിച്ച ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. തിരുവല്ലയില്‍ തോല്‍പ്പിച്ചതും ത്രിതല പഞ്ചായത്തുകളില്‍ കാലുവാരിയതും ഉള്‍പ്പടെയുള്ള വിമര്‍ശനങ്ങള്‍ നിരത്തി കോണ്‍ഗ്രസ്സിനെതിരെ ജില്ലയിലെ കേരള കോണ്‍ഗ്രസ് നേതൃത്വം നിലപാട് കടുപ്പിച്ചു.

മുന്നണിയെ ശക്തിപ്പെടുത്താന്‍ പരിശ്രമിച്ചവരെ കോണ്‍ഗ്രസ് ഒരിക്കലും പരിഗണിച്ചിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പോര്‍!വിളികളുമായി രംഗത്തെത്തുന്‌പോള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലെ സ്ഥിതി തുടരുമെന്ന് യു ഡി എഫ് സംസ്ഥാനതലത്തിലെടുത്ത തീരുമാനം എങ്ങനെ നടപ്പിലാകുമെന്നാണ് കണ്ടറിയേണ്ടത്.