കോഴിക്കോട്: കോഴിക്കോട് ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതി വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്കെതിരെ സിപിഐ സര്‍വ്വീസ് സംഘടന പണിമുടക്കി പ്രതിഷേധിക്കാനൊരുങ്ങുന്നു. വരുന്ന ബുധനാഴ്ച കൂട്ട കാഷ്വല്‍ ലീവെടുത്ത് വകുപ്പിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനാണ് ജീവനക്കാരുടെ നീക്കം.

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചെമ്പനോട മുന്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് റിമാന്‍ഡിലാണ്. ആത്മഹത്യാപ്രേരണാകുറ്റമാണ് സിലീഷിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ റവന്യൂവകുപ്പിന്റെ തന്നെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ ഒരു വിഭാഗം ജീവനക്കാര്‍ ഒരുങ്ങുന്നത്. സിപിഐയുടെ നിയന്ത്രണത്തിലുള്ള ജോയിന്റ് കൗണ്‍സിലിന്റെ അംഗങ്ങള്‍ മാത്രമാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. 

ബുധനാഴ്ച കൂട്ട കാഷ്വല് ലീവെടുത്ത് ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് നീക്കം. സിലിഷിനെതിരായ നടപടിയില്‍ സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് സമരക്കാര്‍ തന്നെ അറിയിച്ചിരുന്നുവെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചപ്പോള്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അതിനെതിരെ രംഗത്ത് വന്നിരുന്നു.

സമരം വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലും പ്രചാരണം നടക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് അനുകൂല ഉദ്യോഗസ്ഥ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന സിലീഷ് ഇപ്പോള്‍ ജോയിന്റ് കൗണ്‍സിലിന്റെ പ്രവര്‍ത്തകനാണ്. സിലീഷ് മികച്ച ഉദ്യോഗസ്ഥനാണെന്നും കൈക്കൂലി വാങ്ങുന്ന ആളല്ലെന്നുമാണ് പിന്തുണക്കുന്നവരുടെ വാദം.

മാത്രമല്ല സിലീഷിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടാണ് കൊയിലാണ്ടി തഹസില്‍ദാര്‍ ജില്ലാകളക്ടര്‍ക്ക് നല്‍കിയിരിക്കുന്നത്. ചുരുക്കത്തില്‍ സിലീഷ് തോമസിനെതിരായ നടപടിയില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി സി്‌ലീഷിനെതിരായ തപുടര്‍ നിയമനടപടികളില്‍ അയവ് വരുത്താനാണ് ഉദ്യോഗസ്ഥരുടെ നീക്കം.