ഭക്ഷണം വിതരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി. ദുരിതബാധിതമേഖലകളില്‍ വൈദ്യുതി സംവിധാനം തകര്‍ന്നുപോയിട്ടുണ്ട്. അവ പുനസ്ഥാപിക്കുക എന്നത് പ്രധാനമാണ്. എല്ലാ ക്യാമ്പുകളിലും വനിതാ പൊലീസ് ഓഫീസര്‍മാരുടെ സേവനം ലഭ്യമാക്കുന്നതെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം: വീടുകളില്‍ ഒറ്റപ്പെട്ടവര്‍ക്കും പാചകം ചെയ്ത് കഴിക്കാന്‍ കഴിയാത്തവര്‍ക്കും ഭക്ഷണം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി. ഹെലികോപ്റ്ററുകള്‍, ബോട്ടുകള്‍, വള്ളങ്ങള്‍ മുതലായ എല്ലാവിധ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് ഇതിനായുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനം. അത് കൃത്യമായ സംവിധാനത്തിലൂടെ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ക്യാമ്പുകളിലും വനിതാ പൊലീസ് ഓഫീസര്‍മാരുടെ സേവനം ലഭ്യമാക്കുന്നതാണ്.

ദുരിതബാധിതമേഖലകളില്‍ വൈദ്യുതി സംവിധാനം തകര്‍ന്നുപോയിട്ടുണ്ട്. അവ പുനസ്ഥാപിക്കുക എന്നത് പ്രധാനമാണ്. കുടിവെള്ള പദ്ധതികള്‍ക്കും തെരുവ് വിളക്കുകള്‍ക്കും വൈദ്യുതി പുനസ്ഥാപിക്കുക എന്നത് എറ്റവും പ്രഥമ ഉത്തരവാദിത്തമാണ്. അതോടൊപ്പം വീടുകളിലും കെട്ടിടങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കും.

ശരിയായ മേല്‍നോട്ടത്തില്‍ മാത്രമേ ഇത് നടത്താനാവൂ. ഇല്ലെങ്കില്‍ വൈദ്യുതി പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അപകടം സൃഷ്ടിക്കുന്ന സ്ഥിതിയുണ്ടാക്കും. ഇക്കാര്യം പരിഗണിച്ചുകൊണ്ട് അപകടരഹിതമായി മുന്‍കരുതലുകളോടെ പുനസ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വൈദ്യുതി വകുപ്പിന് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ആ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.