Asianet News MalayalamAsianet News Malayalam

ആ രാത്രി, തുമ്പ കടപ്പുറത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ചെയ്തത്; രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മൽസ്യത്തൊഴിലാളി എഴുതുന്നു

വിശ്രമമില്ലാതെ സേവനം അനുഷ്ഠിച്ച പൊലീസ് സേനാഗംങ്ങളെ കുറിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മൽസ്യത്തൊഴിലാളിയായ സാജു ലീൻ എഴുതുന്നത് ഇങ്ങനെ..

kerala floods police rescue
Author
Trivandrum, First Published Aug 21, 2018, 6:29 PM IST

പ്രളയക്കെടുതിയെ നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്തു കൊണ്ട് രാപ്പകല്‍ ഭേദമില്ലാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങി കിടന്നവരെ രക്ഷിച്ചക്കാന്‍ കര നാവിക വ്യോമസേനകൾ, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയർഫോഴ്സ് എന്നവര്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളും സർവ സന്നാഹങ്ങളോടും കൂടി രക്ഷാപ്രവർത്തനത്തിനിറങ്ങിയിരുന്നു. കൂട്ടത്തിൽ അധികം പറയപ്പെടാതെ പോയത് കേരള പൊലീസ് ചെയ്തത സേവനത്തെ കുറിച്ചാണ്. 

വിശ്രമമില്ലാതെ സേവനം അനുഷ്ഠിച്ച പൊലീസ് സേനാഗംങ്ങളെ കുറിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മൽസ്യത്തൊഴിലാളിയായ സാജു ലീൻ എന്നയാളുടെ കുറിപ്പ് ഇങ്ങനെ:

ആ രാത്രി, തുമ്പ കടപ്പുറത്ത് ഒരു പോലീസുകാരൻ ചെയ്തത്...

കൂട്ടത്തിൽ അധികം പറയപ്പെടാതെ പോയത് നമ്മുടെ പോലീസ് ചെയ്തതിനെകുറിച്ചാണ്. മൽസ്യത്തൊഴിലാളിസേനയിലെ അംഗം ആയിരുന്ന സാജു ലീൻ എഴുതുന്നു:

തിരുവനന്തപുരത്തുനിന്ന് 16 നു രാത്രി പുറപ്പെട്ട സംഘത്തിലെ ഒരാളാണ് ഞാന്‍. ഈ ചിത്രങ്ങളിൽ കാണുന്നത് തുമ്പ പോലീസ് സ്റ്റേഷന്‍ എസ്.ഐ പ്രതാപ് ചന്ദ്രന്‍ സാറും മറ്റു പോലീസുദ്ദ്യോഗസ്ഥരും.

തിരുവന്തപുരത്തുനിന്ന് മത്സ്യത്തൊഴിലാളി സംഘത്തെ അയയ്ക്കാന്‍ തീരശ്ശീലക്കുപിന്നിലെ സജീവ സാന്നിധ്യം. രാത്രിയെ പകലാക്കി അധ്വാനിച്ചു. 
രാത്രിയില്‍ ഒരോ പടിവാതിലും മുട്ടി ആളുകളെയും യാനങ്ങളെയും കൂട്ടി.

അടുത്ത യാത്ര ലോറിയുടമകളുടെയും ഡ്രൈവർമാരുടെയും വീടുകള്‍ തേടി ആയിരുന്നു. പിന്നെ ബോട്ടുകൾ കയറ്റിവക്കാന്‍ ഞങ്ങളുടെ ഒപ്പം കൂടി. മണ്ണെണ്ണ വേണമെന്ന് ആവശ്യപ്പെട്ടതും അതാ വരുന്നൂ മണ്ണെണ്ണ. 
ഞാന്‍ കൂട്ടുകാരനെ വിളിക്കാന്‍ പോയി വന്നപ്പോൾ രണ്ടു ബാരല്‍ മണ്ണെണ്ണയും കയറ്റി സഹപ്രവര്‍ത്തകരുമായി ലോറിയുടെ പുറത്തു നില്‍ക്കുന്നു തുമ്പ എസ്.ഐ.

ലോറിക്ക് ഇന്ധനം ഇല്ലെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ഓട്ടം. പമ്പ് ഉടമയെ കിട്ടാത്തതിനാല്‍ വീട്ടില്‍ പോയി ഉണര്‍ത്തി കൊണ്ടുവന്നു പമ്പ് തുറന്നു. തുടര്‍ന്ന് ഞങ്ങള്‍ക്ക് പോകാന്‍ എ. ആർ ക്യാമ്പില്നിന്നും വാഹനം വരുത്തി. സഹായത്തിനു അഞ്ചു പൊലീസുകാരെ ഒപ്പം അയച്ചു. പൊലീസുകാരായ ബിജിത്, സുനിൽ, ജയൻ, അൽതാഹർ, സുമേഷ് എന്നിവർ ഞങ്ങളോടൊപ്പം സജീവമായി രക്ഷാപ്രവര്‍ത്തനത്തില്‍ കൂടി.

യാത്രയ്‌ക്കു മുൻപ് എസ്.ഐ സാർ അവരോട് പറഞ്ഞു “ഇവരുടെ കൂടെ ഉണ്ടാകണം…” യാത്രയാക്കുമ്പോള്‍ കുറച്ചു കാശ് കെെയ്യില്‍ വച്ച് തന്നിട്ടു പറഞ്ഞു, “ഭക്ഷണം കഴിച്ചിട്ടേ പോകാവൂ.”

വഴി നീളെ ഞങ്ങളെ വിളിച്ചു കൊണ്ടേയിരുന്നൂ.
രാത്രി ഞങ്ങളറിയുന്നു, വീണ്ടും അടുത്ത ടീമിനെ വിടാനുള്ള വിശ്രമമില്ലാത്ത ജോലിയിൽ ആയിരുന്നു അദ്ദേഹമെന്ന്. 
നമ്മളറിയാത്ത, മാധ്യമങ്ങളില്‍ തെളിയാത്ത ഈ മുഖങ്ങള്‍ക്കും കൊടുക്കൂ, സല്യൂട്ട്..!

- സാജു ലീൻ
മത്സ്യത്തൊഴിലാളി 
രക്ഷാസേനയിലെ അംഗം.

Follow Us:
Download App:
  • android
  • ios