Asianet News MalayalamAsianet News Malayalam

കൊച്ചി മെട്രോ ഇന്ന് കുതിപ്പ് തുടങ്ങും: ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും

Kerala Gets Its First Metro In Kochi Today Prime Minister Narendra Modi To Flag Off
Author
First Published Jun 17, 2017, 8:01 AM IST

കൊച്ചി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കൊച്ചി മെട്രോ കുതിപ്പ് തുടങ്ങുന്നു. രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോയിൽ ഉദ്‌ഘാടനയാത്ര നടത്തും. തുടർന്ന് കലൂരിൽ ഉദ്‌ഘാടനാചടങ്ങ്. കനത്ത സുരക്ഷയാണ് നഗരത്തിലെങ്ങും ഒരുക്കിയിരിക്കുന്നത്.

മെട്രോയിലേറാൻ തയ്യാറായി കൊച്ചി. രാവിലെ പത്തേ കാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നാവിക വിമാനത്താവളത്തിലെത്തും. 10.35ന് പാലാരിവട്ടത്ത് റിബൺ മുറിച്ച് ഉദ്ഘാടനം. തുടർന്ന് പത്തടിപ്പാലം വരെയും തിരിച്ചും  പ്രധാനമന്ത്രിയുടെ ഉദ്ഘാടനയാത്ര. ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ,  കേന്ദ്ര മന്ത്രി വെങ്കയ്യനായിഡു, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ, കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് തുടങ്ങിയവർ കൂടെയുണ്ടാകും.  

തുടർന്ന് കലൂരിലെത്തി 11 മണിക്ക് മെട്രോ പദ്ധതി നാടിനു സമർപ്പിക്കും.  ക്ഷണിക്കപ്പെട്ട 3500ഓളം അതിഥികൾക്ക് മാത്രമാണ് പ്രവേശനം. ഉദ്ഘാടന വേദിയുടെ സുരക്ഷാചുമതല  എസ്പിജിക്കാണ്.   2000താളം പോലീസുകാരെയും വിവിധയിടങ്ങളിൽ   സുരക്ഷയൊരുക്കാനായി നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മടങ്ങും വരെ  നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ട്.  

മെട്രോ ഉദ്ഘാടനത്തിന് പുറമെ പി എൻ പണിക്കർ ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന വായന മാസാചാരണവും പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും. പന്ത്രണ്ടേകാലിന് സെന്റ് തെരേസാസ് കോളേജിൽ ആണ് ചടങ്ങ്. അവിടെ നിന്ന് വീണ്ടും നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ചർച്ച നടത്തും. ഉച്ചയ്ക്ക് 1.25ന് അദ്ദേഹം മടങ്ങും. ഉദ്ഘാടനത്തിന് ശേഷം ഫ്രഞ്ച് അംബാസഡർ അടക്കമുള്ള വിശിഷ്ടാതിഥികൾ മെട്രോയിൽ യാത്ര ചെയ്യും. 

നാളെ നഗരത്തിലെയും പരിസരത്തെയും അനാഥാലയങ്ങളിലെയും അഗതി മന്ദിരങ്ങളിലെയും അന്തേവാസികൾക്ക് സ്നേഹയാത്ര ഒരുക്കിയിട്ടുണ്ട്. മറ്റന്നാളാണ് പൊതുജനത്തിനായി മെട്രോ തുറന്നുകൊടുക്കുക. രാവിലെ ആറ് മുതൽ രാത്രി 10വരെയായിരിക്കും സർവീസ് എന്ന് കെഎംആർഎൽ അറിയിച്ചു.  8 മിനിറ്റ് 20 സെക്കൻഡ് ഇടവിട്ട്  219 ട്രിപ്പുകളുണ്ടാകും.

Follow Us:
Download App:
  • android
  • ios