കൊച്ചി: ഹര്‍ത്താലിനെതിരെ ഹൈക്കോടതി. നിരോധിക്കപ്പെട്ട ബന്ദിനെ വേഷം മാറ്റി അവതരിപ്പിക്കലാണ് ഹര്‍ത്താലെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം‍. സംസ്ഥാനത്തിന്‍റെ സന്പദ്ഘടനയെയും അന്തസിനെയും ഹർത്താൽ തകര്‍ക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഹര്‍ത്താലില്‍ പരിക്കേറ്റ കളമശേരി സ്വദേശിയുടെ നഷ്ടപരിഹാരം സംബന്ധിച്ച വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

സംസ്ഥാനത്ത് എവിടെയെങ്കിലും അനിഷ്ട സംഭവമുണ്ടായാല്‍ ബാങ്കര്‍ മുതല്‍ ബാര്‍ബര്‍ വരെ ദുരിതം സഹിക്കേണ്ടി വരുന്നുവെന്നും കോടതി നിരീക്ഷണം. പതിനേഴു കൊല്ലം മുന്പ് എല്‍ഡിഎഫ് നടത്തിയ പൊതു പണിമുടക്കിനോടനുബന്ധിച്ചുണ്ടായ കല്ലേറില്‍ കാഴ്ച നഷ്ടപ്പെട്ട ഡ്രൈവര്‍ക്ക് എഴു ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന സിങ്കിള്‍ ബഞ്ച് വിധി ശരിവച്ചുകൊണ്ടാണ് ഹര്‍ത്താലിനെതിരെ ഡിവിഷന്‍ ബഞ്ചിന്‍റെ നിരീക്ഷണം. സംസ്ഥാനത്തിന്‍റെ ഏതെങ്കിലും കോണില്‍ എന്തെങ്കിലും അനുഷ്ട സംഭവം ഉണ്ടായാല്‍ രാഷ്ട്രീയ വികാരം ആളിക്കത്തിക്കാനുള്ള കാരണമായി രാഷ്ട്രീയക്കാര്‍ ഹര്‍ത്താലിനെ മാറ്റുകയാണെന്ന് കോടതി വിമര്‍ശിച്ചു.

ഏറെ ഉല്‍‍ക്കണ്ഠയോടെയാണ് ഇത് കാണേണ്ടത്. ബാങ്കും കച്ചവടക്കാരും വിദ്യാര്‍ഥികളും ജീവനക്കാരുമടക്കം സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവര്‍ ദുരിതം പേറുന്നു. സംസ്ഥാനത്തിന്‍റെ സന്പദ് ഘടനയെയും അന്തസിനെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. മനുഷ്യനും വാഹനത്തിനും മാത്രമല്ല ചെറു ജീവികള്‍ക്ക് പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥ. ഹര്‍ത്താല്‍ ദിനത്തില്‍ കടകളോ ഓഫീസോ തുറന്നാല്‍ പ്രതികാര ദാഹികളെപ്പോലെ അക്രമികള്‍ നശിപ്പിക്കും. ഹര്‍ത്താലെന്നാല്‍ നശിപ്പിക്കലെന്നാണ് അര്‍ഥം കല്‍പ്പിച്ചിരിക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.