ശബരിമലയിലെ നിരോധനാജ്ഞയിൽ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധകമെന്ന് അറിയിക്കണം . ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയുമെന്ന് കോടതി ചോദിച്ചു.
കൊച്ചി: ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ശബരിമലയില്‍ നിരോധനനാജ്ഞ എങ്ങനെ നടപ്പിലാക്കുന്നുവെന്നും നിരോധനാജ്ഞ ആർക്കൊക്കെ ബാധമാകുമെന്നും ഭക്തരെയും പ്രതിഷേധക്കാരെയും പൊലീസുകാർ എങ്ങനെയാണ് തിരിച്ചറിയുന്നതെന്നും സർക്കാർ വിശദീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ഇക്കാര്യത്തിൽ സംസ്ഥാന വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിര്‍ദേശം. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾക്കെതിരെ നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഹർജികൾ ഉച്ചക്ക് 1.45ന് ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും.
അതേസമയം ശബരിമലയിലെ വലിയ നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പൊലീസ് ഭാഗിക ഇളവ് അനുവദിച്ചു. ഭക്തര്‍ക്ക് വിശ്രമിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ ഇവിടെ വിരിവയ്ക്കാനോ രാത്രി സമയം താമസിക്കാനോ അനുമതിയില്ല. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തവര്‍ക്ക് വിരവച്ച് താമസിക്കാന്‍ സന്നിധാനത്ത് അഞ്ചിടങ്ങളിലായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഈ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനായി സഹായം ആവശ്യമുള്ളവര്‍ക്ക് പൊലീസ് സേവനം നല്‍കും. വലിയ നടപ്പന്തലില്‍ സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും രോഗികള്‍ക്കും വിശ്രമിക്കാനുള്ള അവസരം ഇന്നലെ തന്നെ പൊലീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപ്പന്തലില്‍ താല്‍ക്കാലികമായി വിശ്രമിക്കാനും അവസരമൊരുക്കുന്നത്.
