തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. സമരത്തിലുള്ളവരുമായി രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി സര്‍ക്കാറിന് കടുത്ത തലവേദനയാകുന്നതിനിടെയാണ് അവധിയെടുത്തുള്ള പ്രതിഷേധവും. കാഷ്വല്‍ ലീവെടുത്തുള്ള അവധിക്കാണ് അസോസിയേഷന്റെ ആഹ്വാനമെന്നതിനാല്‍ അപേക്ഷയില്‍ മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും അനുമതി ആവശ്യമില്ല. സമരക്കാരുമായി മുഖ്യമന്ത്രി രാവിലെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജേക്കബ് തോമസിനെതിരായ ആക്ഷേപങ്ങളും പരാതികളും അസോസിയേഷന്‍ മുഖ്യമന്ത്രിയോട് ഉന്നയിക്കും. എന്നാല്‍ ജേക്കബ് തോമസിനെ മുഖ്യമന്ത്രി പതിവ് പോലെ കൈവിടാനിടയില്ല. ഒരു ഉദ്യോഗസ്ഥനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ ഒന്നടങ്കം ഗുരുതര ആക്ഷേപങ്ങളുമായി രംഗത്തെത്തിയത് സര്‍ക്കാറിന് കണ്ടില്ലെന്ന് നടിക്കാനുമാകില്ല. ചേരിപ്പോരില്‍ തുടക്കം മുതല്‍ ജേക്കബ് തോമസിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന പരാതിയും അസോസിയേഷനുണ്ട്. അവസരം മുതലെടുത്ത് പ്രതിപക്ഷം തമ്മിലടിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന ആരോപണവുമായി രംഗത്തുണ്ട്.
