പൊലീസ് അഥോറിറ്റിയുടെ നടപടികളും അറിയില്ല വിവരങ്ങള്‍ ശേഖരിക്കാറില്ലെന്ന് മറുപടി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് പൊലീസ് ആസ്ഥാനത്ത് യാതൊരു വിവരവുമില്ല. അത്തരം വിവരങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിക്കാറില്ലെന്നാണ് വിവരാവകാശ ചോദ്യത്തിന് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള മറുപടി. 

വരാപ്പുഴ കസ്റ്റഡിമരണം, കെവിന്‍ കൊലപാതകം, എടപ്പാള്‍ തീയേറ്റര്‍ പീഡനം തുടങ്ങി സമീപകാല സംഭവങ്ങളിലെല്ലാം പ്രതിപട്ടികയില്‍ പൊലീസുണ്ട്. ജനമൈത്രി പൊലീസ് ക്രിമിനലുകളാകുമ്പോള്‍ സര്‍ക്കാര്‍ അധികാരത്തിലേറി ഇതിനോടകം എത്ര പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു ചോദ്യം. 

എന്നാല്‍ പോലീസ് ആസ്ഥാനം ചോദ്യത്തിന് മുന്നില്‍ കൈമലര്‍ത്തുകയാണ്. എത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചകടക്ക നടപടി സ്വീകരിച്ചുവെന്നത് സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്നാണ് മറുപടി. അത്തരം വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാറില്ല. മനുഷ്യാവകാശ കമ്മീഷനോ, പൊലീസ് കംപ്ലെയ്ന്‍റ് അഥോറിറ്റിയോ സ്വീകരിച്ച നടപടികളെ കുറിച്ചും പൊലീസ് ആസ്ഥാനത്ത് വിവരമില്ല.

നിലവില്‍ ഡിവൈസ്പി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് സര്‍ക്കാരാണ്. സിഐക്കെതിരെ ഡിജിപിയും, എസ്ഐക്കെതിരെ റെയ്ഞ്ച് ഐജി തലത്തിലും, താഴേക്ക് ജില്ലാ പൊലീസ് മേധാവികള്‍ക്കുമാണ് ചുമതല. അതേ സമയം പൊലീസ് ആസ്ഥാനമറിയാതെ അച്ചടക്കനടപടി സംബന്ധിച്ച ഒരു ഫയലും നീങ്ങില്ലെന്നിരിക്കേ ഇതേ കുറിച്ചുള്ള വിവരങ്ങള്‍ അറിയില്ലെന്ന വാദം സംശയത്തിനിട നല്‍കുന്നതാണ്.