തിരുവനന്തപുരം: തങ്ങൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗും പണവും അന്യസംസ്ഥാന തൊഴിലാളിയായ ഉടമയ്ക്ക് തിരിച്ചു നൽകിയ പോലീസ് ഉദ്യോഗസ്ഥർക്ക് സാമൂഹ്യ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം. തിരുവനന്തപുരം എ.ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ പ്രവീൺ കുമാർ, സിവിൽ പോലീസ് ഓഫീസർ രാഗേഷ് എന്നിവരാണ് ആസാം സ്വദേശി ശ്രീകൃഷ്ണ ദാസിന് രക്ഷകരായത്. 

ചൊവ്വാഴ്ച്ച ഏറ്റുമണിയോടെയാണ് സംഭവം. സെക്രട്ടേറിയേറ്റ് ഭാഗത്ത് നിന്ന് ഓട്ടോ റിക്ഷയിൽ എ. ആർ ക്യാമ്പിൽ എത്തി ഇറങ്ങവെയാണ് ഓട്ടോയ്ക്കുള്ളിൽ പിൻവശത്ത്‌ ഒരു ബാഗ് ഇരിക്കുന്നത് ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥർ ചോദിച്ചപ്പോഴാണ് ഓട്ടോ ഡ്രൈവറും ബാഗ് കാണുന്നത്. പരിശോധനയിൽ ബാഗിൽ വസ്ത്രങ്ങളും 15,000 രൂപയും ഉളളത് കണ്ടെത്തി.

തുടർന്ന് എ.ആർ ക്യാമ്പിൽ എത്തിയ ഇരുവരും വിവരം സിറ്റി പോലീസ് കണ്ട്രോൾ റൂമിൽ അറിയിക്കുന്നതിനിടയിൽ ബാഗ് കാണ്മാനില്ല എന്ന് പരാതിപറയാൻ ശ്രീകൃഷ്ണ ദാസും സുഹൃത്തും പോലീസ് കണ്ട്രോൾ റൂമിലെത്തി. പാളയം ഭാഗത്ത് വെച്ച് ബാഗ് നഷ്ട്ടപ്പെട്ടുയെന്നും നാട്ടുകാരിൽ ആരോ പറഞ്ഞത് അനുസരിച്ചാണ് പരാതി നൽകാൻ എത്തിയതെന്നും ഇവർ പോലീസിനോട് പറഞ്ഞു. 

സംഭവം ശ്രദ്ധയിൽപ്പെട്ട കണ്ട്രോൾ റൂം ഉദ്യോഗസ്ഥർ വിവരം കണ്ട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണർ സുരേഷ് കുമാറിനെ അറിയിച്ചു. പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷം ബാഗ് കൈമാറാൻ എ. സി അറിയിച്ചത് അനുസരിച്ച് ഉടൻ തന്നെ കണ്ട്രോൾ റൂമിൽ നിന്ന് വിവരം എ.ആർ ക്യാമ്പിലേക്ക് കൈമാറി. എട്ടരയോടെ പോലീസ് ഉദ്യോഗസ്ഥരായ പ്രവീൺ, രാഗേഷ് എന്നിവരെത്തി കണ്ട്രോൾ റൂം എ.സി സുരേഷ് കുമാറിന്റെ സാന്നിധ്യത്തിൽ ബാഗ് ശ്രീകൃഷ്ണ ദാസിന് കൈമാറി.