ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി പാലിക്കാനുള്ള കര്‍ത്തവ്യം ചെയ്ത പൊലീസിനെതിരെ വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ച നേരിട്ടവരുടെ ഗൂഢ ഉദ്ദേശ്യങ്ങളെയാണ് ഈ വീഡിയോ ഉപയോഗിച്ച് ട്രോളന്‍ സംഘം തകര്‍ക്കുന്നത്

തിരുവനന്തപുരം: പൊലീസിലെ ട്രോളന്മാര്‍ ആള് ചില്ലറക്കാരല്ലെന്ന് നേരത്തെ തെളിയിച്ചതാണ്. മുമ്പ് ആളുകളില്‍ അവബോധം സൃഷ്ടിക്കാന്‍ നിയമങ്ങളെ ട്രോളുകളില്‍ കൂടെ എത്തിക്കുന്നതാണ് രീതിയെങ്കിലും ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തങ്ങള്‍ക്കെതിരെ വരുന്ന ഫോട്ടോഷോപ്പ് അക്രമങ്ങള്‍ക്കും അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കുകയാണ് കേരള പൊലീസ്.

നേരത്തെ, പൊലീസ് ഉദ്യോ​ഗസ്ഥരെ അപമാനിക്കുന്ന വിധത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ് രംഗത്തു വന്നിരുന്നു. ഇപ്പോള്‍ ഒരുപടി കൂടെ കടന്ന് വ്യാജ പ്രചാരണങ്ങളെ പൊളിക്കുന്ന വീഡിയോ ആണ് പൊലീസ് ട്രോളന്മാര്‍ ഇറക്കിയിരിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി പാലിക്കാനുള്ള കര്‍ത്തവ്യം ചെയ്ത പൊലീസിനെതിരെ വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ച നേരിട്ടവരുടെ ഗൂഢ ഉദ്ദേശ്യങ്ങളെയാണ് ഈ വീഡിയോ ഉപയോഗിച്ച് ട്രോളന്‍ സംഘം തകര്‍ക്കുന്നത്.

പെന്‍മസാല എന്ന സിനിമയിലെയും തെലുങ്ക് നടന്‍ സമ്പൂര്‍ണേഷ് ബാബുവിന്‍റെയും പൊലീസ് വേഷത്തിലുള്ള ചിത്രങ്ങളാണ് വ്യാജ സന്ദേശം പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ അനുകൂല ട്രോള്‍ പേജുകളും അക്കൗണ്ടുകളും ഉപയോഗിച്ചതെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ.