''ഇങ്ങനെ വാഹനത്തിനു മുന്നിൽ എടുത്തു ചാടുമ്പോൾ വാഹനത്തിനു ബ്രേക്ക് ചെയ്യാൻ കഴിയാതെ വരുകയോ പെട്ടെന്ന് വെട്ടിത്തിരിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചോ, ആ ഡ്രൈവറുടെ മാനസികാവസ്ഥയെക്കുറിച്ചോ ഇത്തരക്കാർ ചിന്തിക്കുന്നില്ല.'' കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ വിശദീകരിക്കുന്നു
തിരുവനന്തപുരം: ചലഞ്ചുകളുടെ നവമാധ്യമ കാലമാണിത്. കീകീ ചലഞ്ചും ഐസ്ബക്കറ്റ് ചലഞ്ചും തുടങ്ങി പല ചലഞ്ചും സമൂഹമാധ്യമങ്ങളിൽ തംരംഗമായിരുന്നു. ടിക് ടോക്ക്, മ്യൂസിക്കലി എന്നീ ആപ്പുകളിലൂടെയുള്ള ചലഞ്ചാണ് ഇപ്പോഴത്തെ ട്രെൻഡ്. ജാസി ഗിഫ്റ്റിന്റെ തട്ടു പൊളിപ്പൻ പാട്ടായ ''നില്ല് നില്ലെന്റെ നീലക്കുയിലേ...'' എന്ന പാട്ടാണ് ഇപ്പോൾ ചലഞ്ചായി യുവാക്കൾ ഏറ്റെടുത്തിരിക്കുന്നത്. പച്ചിലകൾ കയ്യിൽ പിടിച്ച് ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി നൃത്തം ചെയ്യണം. എന്നാൽ ഈ ചലഞ്ചിന് തടയിട്ട് മുന്നറിയിപ്പ് വീഡിയോയുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്.
അപകടങ്ങൾ ക്ഷണിച്ചു വരുത്തരുത് എന്നാണ് പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. ''സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റാൻ അപായകരമായ എന്തും അനുകരിക്കാൻ പുതുതലമുറ ആവേശം കാണിക്കുകയാണ്. ഇങ്ങനെ വാഹനത്തിനു മുന്നിൽ എടുത്തു ചാടുമ്പോൾ വാഹനത്തിനു ബ്രേക്ക് ചെയ്യാൻ കഴിയാതെ വരുകയോ പെട്ടെന്ന് വെട്ടിത്തിരിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചോ ആ ഡ്രൈവറുടെ മാനസികാവസ്ഥയെക്കുറിച്ചോ ഇത്തരക്കാർ ചിന്തിക്കുന്നില്ല. വൻദുരന്തങ്ങൾ വരുത്തി വെക്കാവുന്ന ഇതു പോലുള്ള തമാശകൾ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.'' കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പറയുന്നു.
കഴിഞ്ഞ ദിവസം പൊലീസ് വാഹനത്തിന് മുന്നില്‍ ചാടി യുവാക്കള്‍ ഈ ചലഞ്ച് ഡാന്‍സ് നടത്തിയിരുന്നു. ആദ്യം ഇരുചക്രവാഹനങ്ങളായിരുന്നു ഈ ചലഞ്ചില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ കെഎസ് ആര്‍ടിസി ബസ്സിന് മുന്നില്‍ വരെ യുവാക്കള്‍ മരച്ചില്ലയുമായി ചാടി വീഴാന്‍ ആരംഭിച്ചിട്ടുണ്ട്. പൊതുസമൂഹത്തില്‍ വളരെ രൂക്ഷമായ വിമര്‍ശനത്തിന് കാരണമായിത്തീരുന്നുണ്ട് ഈ പുതിയ ചലഞ്ച്.
