വാഹനങ്ങളില്‍ കുത്തിനിറച്ച് ഒരു പരിശോധനയുമില്ലാതെ അതിര്‍ത്തി കടത്തുന്ന അറവ് മാടുകള്‍. ഇവയുടെ കശാപ്പിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട് . എന്നാല്‍ ഇവിടെ നടക്കുന്നതെന്തെന്ന് കാണുക. വഴിയരികിലോ പുരയിടങ്ങളിലോ വച്ച് കാലുവാരി നിലത്തടിച്ച് ജീവനോടെ വെട്ടിനുറുക്കുന്ന ക്രൂരത.

കശാപ്പിന് മുന്‍പ് 24 മണിക്കൂര്‍ വിശ്രമം. പരിശോധന നടത്തി മാടിന്‍റെ ശരീരത്തില്‍ മുറിവുകളോ മറ്റ് അസുഖങ്ങളോ ഇല്ലെന്ന് മൃഗഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. അതിനുശേഷം സ്റ്റണ്ണിങ് ഗണ്‍ ഉപയോഗിച്ച് നെറ്റിയില്‍ വെടിവെച്ച് മയക്കണം . പിന്നെ കശാപ്പുചെയ്ത് തലകീഴായി തൂക്കി രക്തം ഒഴുക്കി കളയണം. ശേഷം ആന്തരികാവയവങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടത്തി ക്ഷയരോഗമടക്കം ഗുരുതര പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. എന്നാല്‍ ഇവിടെ ഒന്നും നടക്കുന്നില്ലെന്ന് വ്യക്തം.

നഗരത്തിന്‍റെ മുക്കിലും മൂലയിലും വരെ അനധികൃത കശാപ്പ്. ഇതിനു കാരണം നഗരസഭയുടെ കീ‍ഴില്‍ പ്രവര്‍ത്തിച്ചിരുന്ന അറവുശാലക്ക് പൂട്ടുവീണതാണ്. മാലിന്യ സംസ്കരണത്തിന് സൗകര്യമില്ലാതായതോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരമാണ് അറവ്ശാല പൂട്ടിയത്. 

ഒന്നരക്കോടി ചെലവ‍ഴിച്ച് നിര്‍മിച്ച അറവുശാലയാണ് രണ്ടര വര്‍ഷമായി പൂട്ടിക്കിടക്കിടക്കുന്നത്. 22 കോടി രൂപ ചെലവില്‍ നവീകരണ പദ്ധതി പേപ്പറിലുണ്ടെന്നാണ് മേയറുടെ വിശദീകരണം. അതുവരെ നഗരവാസികള്‍ കഴിക്കുന്നത് ഏതുതരം മാസമെന്ന് പറയും കശാപ്പുകാര്‍ തന്നെ

പരിശോധന നടത്താത്ത മാടുകളുടെ മാംസം പൊതുനിരത്തുകളില്‍ ഒറു മറയുമില്ലാതെ കെട്ടിത്തൂക്കി വില്‍പന നടത്തുന്നതും ആരോഗ്യതതിന് ഹാനികരമെന്ന് മുന്നറിയിപ്പുണ്ട്.