വെള്ളം ഇറങ്ങിയതോടെ യുവസമൂഹം കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വീട് വൃത്തിയാക്കുന്ന ദൗത്യം പല സ്ഥലങ്ങളിലും ഏറ്റെടുത്തിരിക്കുന്നതും യുവാക്കളാണ്
തിരുവനന്തപുരം: മഹാപ്രളയത്തില്‍ മുങ്ങിയ കേരളം അതിജീവനത്തിനുള്ള പോരാട്ടം നടത്തുമ്പോള്‍ അതിനെ മുന്നില്‍ നിന്ന് നയിച്ച് യുവസമൂഹം. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ജീവിക്കുന്നവരെന്ന് സ്ഥിരം കുറ്റപ്പെടുത്തലുകള്‍ കേട്ടിരുന്ന കേരളത്തിലെ യുവസമൂഹം പ്രളയത്തെ നേരിട്ടത് ഒറ്റക്കെട്ടായാണ്.
വെള്ളപ്പൊക്കം രൂക്ഷമായതോടെ രക്ഷാപ്രവര്‍ത്തനത്തിനാണ് അവര്‍ ആദ്യമിറങ്ങിയത്. പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കും സെെന്യത്തിനും ഒപ്പം രക്ഷാപ്രവര്‍ത്തനത്തിന്‍റെ മുന്‍നിരയില്‍ യുവാക്കളുണ്ടായിരുന്നു. പ്രളയം അധികം പ്രശ്നങ്ങള്‍ സൃഷ്ടിക്കാത്ത തിരുവനന്തപുരം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ ശേഖരിക്കുന്ന സെന്‍ററുകള്‍ കേന്ദ്രീകരിച്ചാണ് യുവതി യുവാക്കള്‍ പ്രവര്‍ത്തിച്ചത്.
ഏറെ ഊര്‍ജിതമായി ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇവിടെ പ്രവര്‍ത്തിച്ച യുവസമൂഹത്തെ പ്രകീര്‍ത്തിച്ച് നിരവധി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു. ഇനി എന്താണ് ചെയ്യേണ്ടത്... എന്തൊക്കെ ആവശ്യസാധനങ്ങള്‍ എത്തിക്കണം... എന്നീ ചോദ്യവുമായി എത്തിയത് ഒന്നല്ല... പത്തല്ല... ഒരായിരം പേരായിരുന്നു.
ക്യാമ്പുകള്‍ ആരംഭിക്കുന്നതായും കളക്ഷന്‍ സെന്‍ററുകള്‍ തുറക്കുന്നതായുമുള്ള അറിയിപ്പ് ലഭിച്ചപ്പോള്‍ മുതല്‍ യുവാക്കള്‍ അങ്ങോട്ടേയ്ക്ക് ഒഴുകുകയാണ്. നാടിന്‍റെ ദുരിതം മാറ്റാന്‍ അവര്‍ രാവെന്നും പകലെന്നുമില്ലാതെ ഓടി നടക്കുന്നു. വോളന്‍റിയര്‍ എന്ന നിലയില്‍ സേവനം ചെയ്യാന്‍ സാധിക്കാത്തവര്‍ പണം സമാഹരിച്ച് ആവശ്യസാധനങ്ങള്‍ എത്തിക്കുന്നു.
വെള്ളം ഇറങ്ങിയതോടെ യുവസമൂഹം കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വീട് വൃത്തിയാക്കുന്ന ദൗത്യം പല സ്ഥലങ്ങളിലും ഏറ്റെടുത്തിരിക്കുന്നതും യുവാക്കളാണ്. ഇതിനായി സംഘങ്ങളായി തിരിഞ്ഞ് പ്രളയം രൂക്ഷമായ ചെങ്ങന്നൂര്‍, ആലുവ തുടങ്ങിയ പ്രദേശങ്ങളില്‍ അവര്‍ എത്തുന്നു.
യുവസമൂഹം ഏറ്റവും കൂടുതല്‍ ഇടപെടുന്ന സോഷ്യല്‍ മീഡിയയെ പ്രളയ സമയത്ത് അവര്‍ കെെകാര്യം ചെയ്ത രീതി പോലും ഏറെ പ്രശംസനീയമാണെന്ന് അധികൃതര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ദുരിതത്തില്‍ മനസ് കലുഷിതമായവര്‍ക്ക് ആശ്വാസമേകാനും യുവസമൂഹം മുന്നിലുണ്ട്.
