ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ കേരളോത്സവം സംഘടിപ്പിക്കുന്നു. കലാ സാംസ്‌കാരിക പരിപാടികള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള രണ്ടു ദിവസത്തെ കാര്‍ണിവലും ഒരു ദിവസത്തെ കായിക മത്സരങ്ങളുമാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ഇന്ത്യ @ സെവെന്റി എന്ന കാമ്പയിന്റെ ഭാഗമായി ഈ മാസം 27, 28 തിയ്യതികളിലാണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കേരളോത്സവം സംഘടിപ്പിക്കുന്നത്. ജിദ്ദയിലെ വിവിധ മലയാളി സംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന പരിപാടിയില്‍ കേരളത്തിന്റെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന കലാ പരിപാടികള്‍, ഭക്ഷ്യമേള തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കാര്‍ണിവല്‍ രൂപത്തില്‍ ഒരുക്കുന്ന പരിപാടിയില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ചും വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുമുള്ള പ്രദര്‍ശനങ്ങളും ഉണ്ടാകും.
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന പരിപാടിയില്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ് കേരളോത്സവത്തിന്റെ ലോഗോ അബീര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുറഹ്മാന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. കേരളത്തിന് പുറമേ മറ്റു സംസ്ഥാനങ്ങള്‍ക്കും സമാനമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അവസരം ഉണ്ടാകും.
കേരളോത്സവത്തിന്റെ ഭാഗമായി മലയാളി വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ മത്സരം സംഘടിപ്പിച്ചിരുന്നു. ഇതിനു പുറമേ ഈ മാസം ഇരുപതിന് ഫുട്‌ബോള്‍ വടംവലി മത്സരങ്ങളും സംഘടിപ്പിക്കും. ഫുട്‌ബോള്‍ മത്സരത്തില്‍ എട്ടു പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കും.
