കെവിന്‍റെ വീട്ടിൽത്തന്നെ താമസിക്കുമെന്ന് നീനു  തനിക്ക് മാനസിക രോഗമുണ്ടെന്ന അച്ഛൻ ചാക്കോയുടെ വാദം കേസിൽ ജയിക്കാനാണ് അച്ഛനും അമ്മയും എപ്പോഴും ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും നീനു 

കോട്ടയം: കെവിന്‍റെ വീട്ടിൽത്തന്നെ താമസിക്കുമെന്ന് നീനു. തനിക്ക് മാനസിക രോഗമുണ്ടെന്ന അച്ഛൻ ചാക്കോയുടെ വാദം കേസിൽ ജയിക്കാനാണെന്നും അച്ഛനും അമ്മയും എപ്പോഴും ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും നീനു പറഞ്ഞു.

ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും കെവിന്റെ വീട്ടിലെ താമസം ഇല്ലാതാക്കാനാണ് ഈ ആരോപണമെന്നും നീനു പറഞ്ഞു. ഒരു പ്രാവശ്യം കൗൺസിലിങ്ങിനു കൊണ്ടുപോയിട്ടുണ്ട്. മാതാപിതാക്കൾക്കാണ് ചികിൽസ വേണ്ടതെന്നാണ് അന്നു ഡോക്ടർ പറഞ്ഞതെന്നും നീനു പറഞ്ഞു. കെവിന്റെ മാതാപിതാക്കൾ പറയുംവരെ ഇവിടെ തുടരുമെന്നും നീനു പറഞ്ഞു. മാനസികരോഗത്തിന് നീനു ചികിത്സതേടിയിട്ടുണ്ടെന്ന് അച്ഛൻ ചാക്കോ ഏറ്റുമാനൂർ കോടതിയിലാണ് വാദിച്ചത്. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു ചികിത്സ എന്നായിരുന്നു വാദം. കെവിന്റ വീട്ടിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് അച്ഛൻ കോടതിയെ സമീപിച്ചിരിക്കുകയാണ്. 

അതേസമയം, കേസിലെ പ്രതികളെ മുഖ്യസാക്ഷി അനീഷ് തിരിച്ചറി‌ഞ്ഞു. അറസ്റ്റിലായ 14 പേരിൽ ചാക്കോ ഒഴികെയുള്ളവരെയാണ് അനീഷിന് മുന്നിൽ തിരിച്ചറിയാനായി എത്തിച്ചത്. കസ്റ്റഡി കാലാവധി തീരുന്നതിന് മുൻപ് തെളിവെടുപ്പ് പൂർത്തിയാക്കുകയാണ് അന്വേഷണസംഘം. പുനലൂരിൽ നടത്തിയ തെരച്ചിലിൽ പ്രതികളുപയോഗിച്ച മൊബൈൽ ഫോണുകൾ കണ്ടെത്തി. നിയാസ് റിയാസ് ഷെഫിൻ എന്നിവരുടെ പുനലൂരിലെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് മൊബൈൽ ഫോണുകൾ കണ്ടെടുത്തത്.